പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ മൂന്നാമത്തെ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയാണു ബാംബോലിം അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ നേരിടുക. ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോടു (42) തോറ്റു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഗോള്‍രഹിത സമനില വഴങ്ങിയ ശേഷമാണ് അവര്‍ ബ്ലാസ്റ്റേഴ്സ് ബംഗളുരുവിനെ നേരിടാനൊരുങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2 ന് തോല്‍പ്പിച്ചാണു ബംഗളുരു എഫ്.സി. എട്ടാം സീസണിനു തുടക്കമിട്ടത്. പക്ഷേ അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്.സിയോടു (31) തോറ്റു. എ.ടി.കെ. മോഹന്‍ ബഗാനോട് പ്രതിരോധനിരയുടെ പിഴവു മൂലമായിരുന്നു ബ്ലാസ്റ്റേഴ്സ് തോറ്റത്. നോര്‍ത്ത് ഈസ്റ്റിനെതിരേ ലഭിച്ച ഗോളവസരങ്ങള്‍ പാഴാക്കിയ മുന്നേറ്റ നിരയാണു വില്ലനായത്.
മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ ബംഗളുരു പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലാകും. എട്ട് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അഞ്ച് തവണയാണ് സുനില്‍ ഛേത്രിയും കൂട്ടരും ജയിച്ചത്. ബ്ലാസ്റ്റേഴ്സ് രണ്ട് കളികള്‍ മാത്രമാണു ജയിച്ചത്. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. ഒഡീഷയ്ക്കെതിരേ നടന്ന മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ ജയേഷ് റാണ ഇന്നു കളിക്കില്ലെന്നു ബംഗളുരു കോച്ച് മാര്‍കോ പെസിയൂളി പറഞ്ഞു. അവസരങ്ങള്‍ ഗോളാക്കാന്‍ പറ്റാത്തതാണു തന്റെ ശിഷ്യന്മാരുടെ പ്രശ്നമെന്നു ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകാമനോവിച് പറഞ്ഞു. യോര്‍ഗെ പെരേര ഡിയാസും സഹല്‍ അബ്ദുള്‍ സമദും രണ്ട് സുവര്ണാവസരങ്ങള് പാഴാക്കിയിരുന്നു. അഡ്രിയാന്‍ ലൂണ അവസരത്തിനൊത്തു കളിക്കുന്നതു പ്രതീക്ഷയാണെന്നു വുകാമനോവിച് പറഞ്ഞു.

