തീവണ്ടിക്കും വഴിതെറ്റി; ഉത്തര്‍പ്രദേശിനു പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

റൂര്‍ക്കല: തീവണ്ടിക്ക് വഴിതെറ്റുമോ, കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യം. നൂറുകണക്കിന് റെയില്‍വേ അധികൃതരും അതിലുമധികം കംപ്യൂട്ടറുകളും നിയന്ത്രിക്കുന്ന പ്രവര്‍ത്തനമാണ് ട്രെയിനുകളുടെ സഞ്ചാരം. എന്നാല്‍, അതും നടന്നിരിക്കുന്നു നമ്മുടെ ഇന്ത്യയില്‍. അന്തര്‍സംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിമാറി ഒഡീഷയിലെത്തി. വേറൊരു സംസ്ഥാനത്ത് സസുഖം എത്തിച്ചേര്‍ന്നിരിക്കുന്നു.

മഹാരാഷ്ട്രയിലെ വസായ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചൊവ്വാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഖോരക്പൂരായിരുന്നു ലക്ഷ്യസ്ഥാനം. എന്നാല്‍, ഒഡീഷയിലെ റൂര്‍ക്കലയിലാണ് ട്രെയിന്‍ എത്തിയത്. ട്രെയിന്‍ റൂര്‍ക്കലയില്‍ എത്തിയശേഷമാണ് യാത്രക്കാര്‍പോലും വഴിതെറ്റിയ കാര്യം തിരിച്ചറിഞ്ഞത്. ഖോരക്പൂരില്‍നിന്ന് റൂര്‍ക്കലയിലേക്ക് 750 കിലോമീറ്ററോളം ദൂരമുണ്ട്.

വഴിതെറ്റി ഓടിയെന്ന ആരോപണം റെയില്‍വേ നിഷേധിച്ചു. ചില ട്രെയിനുകള്‍ ബിഹാറിനായി റൂര്‍ക്കല വഴി വഴിതിരിച്ചുവിട്ടതാണ്. യാത്രക്കാരെ തിരിച്ച് ഖൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍, തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →