മകളെ പീഡിപ്പിച്ചുവെന്ന് വ്യാജപരാതി ഉന്നയിച്ച് കേസ് നടത്തിയ സ്ത്രീക്കെതിരേ കോടതി നിര്‍ദേശപ്രകാരം കേസെടുത്തു. ഭാര്യയുടെ ചതിയില്‍ കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി.

പത്തനംതിട്ട: മകളെ പീഡിപ്പിച്ചുവെന്ന് വ്യാജപരാതി ഉന്നയിച്ച് കേസ് നടത്തിയ സ്ത്രീക്കെതിരേ കോടതി നിര്‍ദേശപ്രകാരം കേസെടുത്തു. ഭാര്യയുടെ ചതിയില്‍ കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കി. ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്ത് നഴ്സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ് പോക്സോ വകുപ്പനുസരിച്ച് പന്തളം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ ഡി ബിജു കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോക്സോ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാവിനെതിരേ കേസ് എടുക്കാന്‍ ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കേസെടുക്കുന്നതിന് കാലതാമസമുണ്ടായത്.

പിതാവിനെയും മാതാവിന്റെ സഹോദരന്റെ ശത്രുവായ യുവാവിനെയും പ്രതിയാക്കിയാണ് ഇരട്ടപ്പെണ്‍കുട്ടികളില്‍ ഒരാളെ ഉപയോഗിച്ച് മാതാവ് ലൈംഗിക പീഡന പരാതി നല്‍കിയത്. കേസിനെത്തുടര്‍ന്ന് പിതാവ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാവുകയും പിന്നീട് പുറത്തുവന്ന് കേസ് നടത്തുകയും ചെയ്യേണ്ടിവന്നു. സ്വഭാവഹത്യയും സമൂഹത്തില്‍ അപമാനവും ഇദ്ദേഹത്തിന് സഹിക്കേണ്ടതായുംവന്നു. മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ പിതാവിനെതിരേ പോലീസില്‍ മൊഴി നല്‍കിയതെന്ന് വിചാരണയ്ക്കിടെ മകള്‍ കോടതിയില്‍ പറഞ്ഞു. ഇതാണ് പിതാവിന് സഹായകരമായിത്. കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയ കോടതി പിതാവിനെ വിട്ടയക്കാനും മാതാവിനെതിരേ പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന് ഒരു മാസത്തിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →