ചുരാചന്ദ്പ്പൂർ: അസം റൈഫിൾസിന് നേരെ മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഉത്തരവാദിത്തം ഏറ്റെടുത്തത്.
13/11/21 ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മണപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കനാനില്‍ ആക്രമണമുണ്ടായത്. അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, ഏട്ട് വയസുള്ള മകൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാർ, വാഹനത്തിന്റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.
വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്ഥാപിച്ച് കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാന്മാർക്ക് നേരെ വെടിവച്ചു.വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം.

