തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു. ശമ്പള വിതരണത്തിനായി 60 കോടിരൂപ സർക്കാർ അനുവദിച്ചു. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്ന് കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി നൽകാനാണ് തീരുമാനം.
കൊവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. ഇതോടെ ഈ മാസം കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്. നവംബർ മാസം പകുതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം കിട്ടിയിരുന്നില്ല.
ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളിൽ കെഎസ്ആർടിസി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ സൂചനാ പണിമുടക്ക് നടത്തി ഒരാഴ്ച പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തിൽ തീരുമാനമാകുകയോ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയോ ചെയ്തിരുന്നില്ല. പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.
2021 ഒക്ടോബർ മാസത്തിൽ ആകെ 113 കോടിയായിരുന്നു വരുമാനം. ഇതിൽ 60 കോടിയോളം ഇന്ധനച്ചെലവിനും പാർട്സിനുമായി ഉപയോഗിച്ചു. കൺസോർഷ്യം വായപയ്ക്കുള്ള തിരച്ചടവുകൂടി കഴിഞ്ഞപ്പോൾ ഇതിൽ കാര്യമായ നീക്കയിരുപ്പില്ല. നിലവിൽ പെൻഷന് പുറമേ ശമ്പളത്തിനും സർക്കാരിൽ നിന്നുള്ള സഹായം കെഎസ്ആർടിസിക്ക് അനിവാര്യമാണ്. കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്മെന്റാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു

