ഡല്‍ഹി: കൊറോണ ചികിത്സിച്ചു രേഖപ്പെടുത്തിയശേഷം വീണ്ടും പരിശോധന നടത്തുമ്പോള്‍ പോസിറ്റീവായി ഫലം ലഭിക്കുന്നത് ലോകത്തു മുഴുവന്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. രോഗത്തിന്റെ മടങ്ങിവരവല്ല രണ്ടാം പരിശോധനയില്‍ പോസിറ്റീവ് ഫലം കാണിക്കുന്നതിനു കാരണം. നേരത്തെതന്നെ ശരീരത്തിലുള്ള ആന്റിബോഡിയുടെ സാന്നിധ്യത്തില്‍നിന്നാണ് പോസിറ്റീവ് റിസള്‍ട്ട് ലഭിക്കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
കൊറിയന്‍ സെന്റഴ്സ് ഫോര്‍ ഡിസീസസ് കണ്ട്രോള് ആന്റ് പ്രിവന്ഡ്സിലെ ഗവേഷകരാണ് പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ്- 19 രോഗം ഭേദമായ 285 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. രോഗം വീണ്ടും സ്ഥിരീകരിച്ചവരില്‍നിന്ന് മറ്റുള്ളവരിലേക്കു പകരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരില്‍ വൈറസ് നിര്‍ജീവമാവുകയോ മറ്റുള്ളവരിലേക്ക് പകരാനുള്ള ശേഷി നഷ്ടപ്പെടുകയോ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. വീണ്ടും രോഗം വന്നവരിലൂടെ വൈറസ് പടരുമെന്ന റിപ്പോര്‍ട്ടുകളാണ് മുമ്പ് പുറത്തുവന്നിരുന്നത്. അതേസമയം നോവല്‍ കൊറോണ വൈറസിനെതിരേ ശരീരത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് പ്രതിരോധശേഷിയുണ്ടെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

