ഗ്രാമീണറോഡ് നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ അനുമതി

ഗ്രാമീണമേഖലയിലെ റോഡ് നിർമ്മാണത്തിനായി കയർ ഭൂവസ്ത്രം (Coir Geo textiles) ഉപയോഗിക്കാൻ   അനുമതി ലഭിച്ചു. പ്രകൃതിദത്തവും, ശക്തവും, ദീർഘനാൾ ഈടുനിൽക്കുന്നതുമായ നാരുകൾകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് കയർ ഭൂവസ്ത്രങ്ങൾ. ദ്രാവകങ്ങളെ സ്വന്തം പ്രതലത്തിലൂടെ കടത്തിവിടുമ്പോഴും ഖര രൂപത്തിലുള്ള തരികളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവുള്ള കയർ ഭൂവസ്ത്രങ്ങൾക്ക്, ഫങ്കസ് അടക്കമുള്ള എല്ലാത്തരം  സൂക്ഷ്മജീവികളുടെ ആക്രമണം, ഈർപ്പം, എന്നിവയെ അതിജീവിക്കാനും സാധിക്കും.

പ്രധാൻമന്ത്രി ഗ്രാം സഡക്ക് യോജനയുടെ മൂന്നാം ഘട്ടത്തിന് കീഴിലാണ് ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി കയർ ഭൂവസ്ത്രങ്ങൾ  ഉപയോഗിക്കുക. റോഡ് നിർമ്മാണത്തിനായി ഇവ വിജയകരമായി  ഉപയോഗിക്കാൻ കഴിയുന്നു എന്നത്  വളരെവലിയ നേട്ടമാണെന്ന്, MSME ,റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ.നിധിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. ഈ നീക്കം, രാജ്യത്തെ കയർ വ്യവസായത്തിന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും വലിയ ഊർജം പകരുമെന്നും കയറിന്റെ മറ്റു ഉപയോഗങ്ങൾ പരിശോധിച്ചറിയാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം അഭിപ്രായപ്പെട്ടു.

PMGSY യ്ക്ക് കീഴിലെ റോഡ് നിർമ്മാണത്തിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ  പ്രകാരം,  പുതുതായി നിര്ദേശിക്കപ്പെടുന്ന ഓരോ  പാതകളുടെയും 15% നീളം, നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കേണ്ടതാണ്. ഇതിൽ തന്നെ 5% റോഡുകൾ IRC (Indian Road Congress) അംഗീകാരമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വേണം നിർമ്മിക്കാൻ. ഗ്രാമീണറോഡുകളുടെ നിർമ്മാണത്തിനുള്ള  IRC  അംഗീകാരമാണ് കയർ ഭൂവസ്ത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ 71 കിലോമിറ്റർ ഉൾപ്പെടെ രാജ്യത്തെ 7 സംസ്ഥാനങ്ങളിലായി 1674  കിലോമീറ്റർ റോഡുകളാണ് കയർഭൂവസ്ത്രം ഉപയോഗിച്ച് നിർമ്മിക്കുക.

Share
അഭിപ്രായം എഴുതാം