ട്വന്റി20 ലോകകപ്പ്: സെമി ഫൈനലിലേക്കുള്ള കച്ചിത്തുരുമ്പിനായി ഇന്ത്യയിറങ്ങുന്നു

അബുദാബി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനലിലേക്കുള്ള കച്ചിത്തുരുമ്പിനായി ഇന്ത്യയിറങ്ങുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.പാകിസ്താനോടും ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യ അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മുന്നേറു. പാകിസ്താനോടു പത്തു വിക്കറ്റിനു തോറ്റ ഇന്ത്യ ന്യൂസിലന്‍ഡിനെതിരേ എട്ടു വിക്കറ്റിനാണു കീഴടങ്ങിയത്. അഫ്ഗാനെതിരേയും അഞ്ചിനു സ്‌കോട്ട്ലന്‍ഡിനെതിരേയും എട്ടിന് നമീബിയയ്ക്കെതിരേയും നടക്കുന്ന മത്സരങ്ങളില്‍ ഗംഭീര ജയം വേണ്ടി വരും. -1.609 എന്ന താണ നെറ്റ് റണ്‍റേറ്റും ഇന്ത്യക്കു വിനയാണ്. അഫ്ഗാന് മൂന്നു കളികളില്‍നിന്നു നാലു പോയിന്റാണ്. ഇന്ത്യക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല.കണക്കുകളിലാണ് ഇനി ഇന്ത്യയുടെ സാധ്യത. ഇന്ത്യ അഫ്ഗാനെ തോല്‍പ്പിക്കുന്നതിനൊപ്പം അവര്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയും വേണം. നിലവിലെ ബൗളിങ് പ്രകടനം വച്ച് അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ലെഗ് സ്പിന്നര്‍ റാഷിദ് ഖാനും ഓഫ് സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനും മികച്ച പ്രകടനം തുടരുന്നു. മുജീബ് ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിനുടമയാണ്.

അഫ്ഗാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാലും നെറ്റ് റണ്‍റേറ്റില്‍ താഴെയുള്ള ഇന്ത്യയുടെ സെമി സാധ്യതകള്‍ കുറവാണ്. ഇന്നു തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിക്കും. ആരാധകര്‍ക്കു വേണ്ടിയും വിമര്‍ശകരുടെ വായടപ്പിക്കാനും ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →