തിരുവനന്തപുരം: ഞായറാഴ്ച കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും (ഒരാൾ കുവൈറ്റ്, ഒരാൾ യു.എ.ഇ.) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇതിൽ 7 പേർ തമിഴ്നാട്ടിൽ നിന്നും 3 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാൾ മാലി ദ്വീപിൽ നിന്നുംവന്ന ഉത്തർപ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയിൽ രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം ഞായറാഴ്ച നെഗറ്റീവ് ആയില്ല. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 3467 പേരും സീപോർട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയിൽവേ വഴി 1026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 61,855 പേർ വീടുകളിലും 674 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5009 സാമ്പിളുകൾ ശേഖരിച്ചതിൽ 4764 സാമ്പിളുകൾ നെഗറ്റീവ് ആയി.
വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിൽ ആകെ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 167 പേര് കൂടി പുതുതായി നിരീക്ഷണത്തില്‍
ജില്ലയില്‍ ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 3,712 പേര്
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (മെയ് 16) 167 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 3,712 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 78 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 72 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷനിലുള്ളത്. 2,701 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 933 പേര് കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 17 പേര്
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേരും മുംബൈയില്‍ നിന്നെത്തിയ നാല് പേരും ചികിത്സയിലുണ്ട്. ഇവരുള്‍പ്പടെ 39 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.
46 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 46 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 2,794 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 90 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു
• ഇന്നലെ കണ്ട്രോള് സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 252
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു.
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 908
• കൗണ്‍സലിങ് നല്‍കിയത് – ഒന്ന്
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര് – 143
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്ട്രോള് സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവിരങ്ങള്‍ ശേഖരിച്ചുവരുന്നു.
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 39 പുതിയ കേസുകള്‍
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 410 പേര്‍ക്കെതിരെയും കേസെടുത്തു
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 39 കേസുകള്‍ കൂടി ഇന്നലെ (മെയ് 16) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 63 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 28 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,141 ആയി. 5,103 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,440 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 410 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നിയമ സ്വീകരിച്ചു വരികയാണ്.
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
555 പേര് കൂടി നിരീക്ഷണത്തില്‍
കോഴിക്കോട് ജില്ലയില്‍ ഇന്ന് (17.5.20) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 7 ന് ദുബായില്‍ നിന്ന് വന്ന നാദാപുരം പാറക്കല്‍ സ്വദേശി (78 വയസ്സ്), 13 ന് കുവൈത്തില്‍ നിന്ന് വന്ന ഓര്‍ക്കാട്ടേരി സ്വദേശിനി (23) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ആദ്യത്തെയാള്‍ എന്‍.ഐ.ടി ഹോസ്റ്റലിലെയും രണ്ടാമത്തെ വ്യക്തി ഓമശ്ശേരി നഴ്സിങ് ഹോസ്റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു. ആദ്യത്തെയാളെ 16 നും രണ്ടാമത്തെ വ്യക്തിയെ 15 നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവസാംപിള്‍ പരിശോധനയില്‍ പോസിറ്റീവായ ഇരുവരുടെയും നില തൃപ്തികരമാണ്.
നിലവില്‍ 9 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്. ഇന്ന് 43 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2797 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2694 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2653 എണ്ണം നെഗറ്റീവ് ആണ്. 103 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇന്ന് പുതുതായി വന്ന 555 പേര് ഉള്‍പ്പെടെ 5654 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 23,430 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് (17.05.20) വന്ന 16 പേര് ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 14 പേര് ആശുപത്രി വിട്ടു.
ജില്ലയില്‍ ഇന്ന് പുതുതായി 59 പ്രവാസികള്‍ നിരീക്ഷണത്തില്‍ എത്തി. ഇതുവരെ 444 പ്രവാസികളാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 183 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 249 പേര് വീടുകളിലും ആണ്. 12 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 63 പേര് ഗര്‍ഭിണികളാണ്.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്കി. കൂടാതെ 111 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്കി. 2271 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9054 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
കോവിഡ് 19-നുമായി ബന്ധപ്പെട്ട പൂര്‍ണവിവരത്തിന് ; https://dhs.kerala.gov.in/wp-content/uploads/2020/05/6.Daily-Bulletin-HFWD-Malayalam-May-17_1.pdf

