കണ്ണൂർ: വടക്കൻ കേരളത്തിൽ പലയിടത്തും ശക്തമായ മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പുഴയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡിൽ ഏഴാം വളവിൽ മലവെള്ളപ്പാച്ചിൽ ഒരു സ്കൂട്ടർ ഒലിച്ചുപോയി .യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. മണ്ണാർകാട് തെങ്കര സ്വദേശി ചന്ദ്രൻ എന്നയാളുടെ സ്കൂട്ടിയാണ് ഒലിച്ചുപോയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ചന്ദ്രനെ രക്ഷിച്ച് ആനമൂളി ചെക്ക് പോസ്റ്റിലെത്തിച്ചത്. അട്ടപ്പാടി കള്ളമലയിൽ ശക്തമായ കാറ്റിൽ മേൽക്കൂര ഇടിഞ്ഞു വീണു ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാൽ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു. മീൻ വല്ലം പ്രദേശത്തെ വനത്തിനുള്ളിൽ പെയ്ത കനത്ത മഴയെയ തുടർന്ന് തുപ്പനാട് പുഴ കവിഞ്ഞൊഴുകുകയാണ്. പാലക്കാട് ജില്ലയിൽ നിലവിൽ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 214 കുടുംബങ്ങളിലെ 584 പേരാണ് കഴിയുന്നത്.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഒലിപ്പുഴയിലും ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി .കേരള എസ്റ്റേറ്റ് അതിർത്തിയിൽ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞു. പുഴയുടെ സമീപത്തു താമസിക്കുന്നവരെ നേരത്തെ തന്നെ അപകട ഭീഷണിയെ തുടർന്ന് മാറ്റിയിരുന്നു. സംസ്ഥാനത്ത് ഒക്ടോബർ 24 മുതൽ 28 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു

