നെനിറ്റാള്‍: മേഘവിസ്ഫോടനവും കനത്ത മഴയും തുടരുന്ന ഉത്തരാഖണ്ഡിലെ നെനാദേവി ക്ഷേത്രത്തിന്റെ പരിസരവും നൈനിറ്റാളിലെ പ്രശസ്തമായ മാള്‍ റോഡും വെള്ളത്തിലായി. കത്ഗോധാമില്നിന്നു ഡല്‍ഹിയിലേക്കുള്ള റെയില്‍പാതയുടെ ഒരു ഭാഗം ഇന്നലെ പുലര്‍ച്ചെ ഹല്‍ദ്വാനി നദിയിലേക്കു തകര്‍ന്നുവീണു. ഗൗല നദിക്കരയിലൂടെയുളള റെയില്‍പാത പൂര്‍ണമായും നശിച്ചു. നദി കരകവിഞ്ഞ് പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതാണു കാരണം. ഇതോടെ യു.പിയില്‍നിന്നും ഡല്‍ഹിയില്‍നിന്നുമുള്ള ഒട്ടേറെ സഞ്ചാരികള്‍ ഉത്തരാഖണ്ഡില്‍ കുടുങ്ങി .നൈനിറ്റാളിലും പരിസരത്തും ഒട്ടേറെ വീടുകള്‍ക്കു നാശനഷ്ടമുണ്ട്. കോസി നദി കരകവിഞ്ഞതോടെ നൂറോളം സഞ്ചാരികള്‍ രാംനഗര്‍-റാണിഖേത് റോഡില്‍ കുടുങ്ങി. മഴക്കെടുതിയില്‍ തിങ്കളാഴ്ച പൗഡി ഗഡ്വാളില് മൂന്നുപേരും ചംപത്തില് രണ്ടു പേരും പിത്തോറഗഡില്‍ ഒരാളും മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുമായി ടെലിഫോണില്‍ സംസാരിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ഉത്തരാഖണ്ഡ് നൈനാദേവി ക്ഷേത്രവും മാള്‍ റോഡും വെള്ളത്തിലായി
