ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്

മാലെ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. മാലെ നാഷണല്‍ സ്‌റ്റേഡയത്തില്‍ രാത്രി 8.30 മുതലാണു മത്സരം. യൂറോ സ്‌പോര്‍ട് എസ്.ഡി./എച്ച്.ഡി. ചാനലുകളിലും ഓണ്‍ലൈനായി ഡിസ്‌കവറി പ്ലസിലും തത്സമയം കാണാം. നേപ്പാളിനു കന്നിയും ഇന്ത്യക്ക് 12-ാം ഫൈനലുമാണിത്.

ഇന്നു ജേതാക്കളായാല്‍ 2019 ല്‍ കോച്ചായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കന്നിക്കിരീടമാകും. സാഫ് കിരീടം നേടുന്ന മൂന്നാമത്തെ വിദേശ കോച്ചെന്ന നേട്ടവും സ്റ്റിമാചിനു കൈവരിക്കാം. ജിറി പെസക് (1993), സ്റ്റീഫന്‍ കോണ്‍സ്റ്റാന്റീന്‍ (2015) എന്നിവരാണു മുന്‍ഗാമികള്‍. ബം ാദേശ്, ശ്രീലങ്ക ടീമുകളോടു സമനില വഴങ്ങിയ ഇന്ത്യക്കു നേപ്പാളിനെ തോല്‍പ്പിച്ചതോടെ പ്രതീക്ഷയായി. അവസാന ലീഗ് മത്സരത്തില്‍ മാലെ ദ്വീപിനെ 3-1 നു തോല്‍പ്പിച്ചതോടെ ഫൈനല്‍ ഉറപ്പാക്കി.
നേപ്പാളിനെതിരേ ഈ വര്‍ഷം നടന്ന മൂന്നു മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യയാണു ജയിച്ചത്. കാഠ്മണ്ഡുവില്‍ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളില്‍ (1-1, 2-1) നേപ്പാളിന് ഒരു സമനില മാത്രമാണു നേട്ടം. ഇതുവരെ നടന്ന 22 ഏറ്റുമുട്ടലുകളില്‍ രണ്ടു തവണ മാത്രമാണ് ഇന്ത്യ തോറ്റത്.

നേപ്പാള്‍ താര നിബിഡമല്ലെങ്കിലും എഴുതിത്തള്ളാനാകില്ലെന്നാണു നായകന്‍ സുനില്‍ ഛേത്രിയുടെ നിലപാട്. മാലെദ്വീപിനെതിരേ ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കണ്ട സുഭാഭിഷ് ബോസിന് ഇന്നു കളിക്കാനാകില്ല. ചുവപ്പ് കാര്‍ഡ് കണ്ട കോച്ച് സ്റ്റിമാചിനും ഡഗ് ഔട്ടിലെത്താനാകില്ല. മാലെയ്‌ക്കെതിരേ പരുക്കേറ്റ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിനും ഇന്നു കളിക്കാനാകില്ല. പ്രതിരോധത്തില്‍ രാഹുല്‍ ഭെകെയും സുഭാഭിഷും ചേര്‍ന്നു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലീഗിലെ രണ്ടു മത്സരങ്ങള്‍ ജയിച്ചാണു നേപ്പാള്‍ ഫൈനല്‍ ഉറപ്പാക്കിയത്. മാലെയെ 1-0 ത്തിനും ശ്രീലങ്കയെ 3-2 നുമാണ് അവര്‍ തോല്‍പ്പിച്ചത്. ഇന്ത്യയോടു തോറ്റതും ബം ാദേശിനോടു സമനില വഴങ്ങിയതും അവര്‍ക്കു ക്ഷീണമായി. പ്രതിരോധത്തിലൂന്നി പ്രത്യാക്രമണം നടത്തുകയാണു നേപ്പാളിന്റെ ശൈലി.

അന്‍ജാന്‍ ബിസ്തയ്ക്കു പരുക്കേറ്റതോടെ മനീഷ് ഡാങിയെ കൂടുതലായി ആശ്രയിക്കേണ്ട നിലയിലാണു നേപ്പാള്‍ കോച്ച് അബ്ദുള്ള അല്‍മുതാരി. ബം ാദേശിനെതിരേ 88-ാം മിനിറ്റില്‍ ബിസ്ത ഗോളടിച്ചതോടെയാണ് അവര്‍ സമനിലയുമായി ഫൈനലില്‍ കടന്നത്. കഴിഞ്ഞ മത്സരത്തോടെ സുനില്‍ ഛേത്രി രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ (79) റെക്കോഡ് സ്ഥാപിച്ചിരുന്നു. 77 ഗോളുകള്‍ നേടിയ ബ്രസീലിന്റെ ഇതിഹാസം പെലെയുടെ റെക്കോഡ് ഛേത്രി മറികടന്നു. രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളടിച്ച താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്താണ്. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണു ഛേത്രിക്കു മുന്നിലുള്ളത്. 115 ഗോളുകളുമായി ക്രിസ്റ്റിയാനോ ഏറ്റവും മുന്നിലാണ്.

അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി 80 തവണ ലക്ഷ്യം കണ്ടു. ഇറാന്റെ അലി ദേയി (109), മൊഖ്താര്‍ ദാഹ്‌രി (89), ഫെറങ്ക് പുഷ്‌കാസ് (84), ലയണല്‍ മെസി (80), ഗോഡ്‌ഫ്രെ ചിറ്റാലു (79), അലി മഖൗത് (79) എന്നിവരാണു ഛേത്രിക്കു മുന്നില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →