തൃശ്ശൂർ: ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാൻ മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കമായി. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷനാണ് എല്ലാ സഹായങ്ങളും നൽകുന്നത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ. മൂന്ന് സെന്റ് മുതലുള്ള സ്ഥലങ്ങളിൽ ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാം. ക്യാമ്പയിന്റെ ഭാഗമാകുന്നവർ തക്കാളി, പാവൽ, ചീര, മഞ്ഞൾ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചിനം പച്ചക്കറികളും പപ്പായ, പേര, നെല്ലി, തുടങ്ങി രണ്ടിനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട 50 പ്ലോട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 1465 വാർഡുകളിൽ ഏകദേശം 75,000 കുടുംബങ്ങളിലായി 2000 ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതിനായി അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ വിപുലമായി പഞ്ചായത്തിൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ പറഞ്ഞു.

