20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി അവതരിപ്പിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്തു ശതമാനം വരുന്ന തുകയാണ് പാക്കേജിന് മാറ്റി വെച്ചിട്ടുള്ളത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് അനുബന്ധ വായ്പകള്‍ക്കായി 20,000 കോടി രൂപ അനുവദിച്ചു. സ്വാശ്രയത്തില്‍ അധിഷ്ഠിതമായ രാജ്യ നിര്‍മ്മാണം എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാരത് അഭിയാന്‍ എന്നാണ് ഈ പ്രവര്‍ത്തനത്തിന് നല്‍കിയിരിക്കുന്ന പേര്. ലോകത്ത് എല്ലാവരില്‍ നിന്നും വേറിട്ടു നില്ക്കുകയല്ല സ്വാശ്രയത്വം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജന്‍ ധന്‍ അക്കൗണ്ട് വഴി 52,606 കോടിരൂപ 41 കോടി ഗുണഭോക്താക്കള്‍ക്കായി ചെലവഴിച്ചു. 18,000 കോടി രൂപ വൃദ്ധര്‍, വികലാംഗര്‍, സ്ത്രീകള്‍ എന്നിവരുടെ കൈകളിലാണ് എത്തിച്ചേര്‍ന്നത്.

16 വിഭാഗങ്ങളില്‍ ആണ് പാക്കേജിന്റ ധനവിനിയോഗം. എം എസ് എം ഇ, ഇ പി എഫ്, എന്‍ബിഎഫ്‌സി, ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍സ്, എം എഫ് ഐ, കരാറുകാരുടെ കാര്യങ്ങള്‍, ടാക്‌സ് സംബന്ധിച്ച കാര്യങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖല എന്നീ വിഭാഗങ്ങളിലാണ് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാതെ വായ്പയായി നല്‍കും. നാലു വര്‍ഷ കാലപരിധി ആണ് ഇതിനുള്ളത്. ഇതില്‍ 20,000 കോടി രൂപ പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ളതാണ്. 200 കോടി രൂപ വരെയുള്ള സര്‍ക്കാരിന്റെ വാങ്ങലുകളില്‍ ആഗോള ടെന്‍ഡര്‍ ഒഴിവാക്കി. ആഗോള മത്സരം ഒഴിവായതോടുകൂടി രാജ്യത്തെ കമ്പനികള്‍ക്കും ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ക്കും കരാറുകള്‍ ലഭിക്കുന്ന സ്ഥിതിയായി. ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും 2500 കോടി രൂപയുടെ പ്രയോജനം കിട്ടുന്ന വിധത്തില്‍ ഇ.പി.എഫ് സഹായം മൂന്നുമാസത്തേക്ക് ദീര്‍ഘിപ്പിച്ചു. മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി സ്‌കീം നടപ്പാക്കും. രാജ്യത്ത് പണത്തിന്റെ പ്രവാഹം കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി 90000 കോടി രൂപ വിനിമയത്തില്‍ എത്തിക്കും. എല്ലാ കേന്ദ്ര ഏജന്‍സികളുടെയും കരാറുകാര്‍ക്ക് 6 മാസം കൂടി സമയം ദീര്‍ഘിപ്പിച്ചു നല്‍കും. 2019-20 കാലയളവിലെ ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ നല്‍കുന്നതിനുള്ള കാലപരിധി ജൂലൈ 31-2020 യില്‍ നിന്ന് നവംബര്‍-30, 2020 ആക്കി കൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →