എടപ്പാള്‍ : ടിക്കറ്റ് റിസര്‍വ് ചെയ്‌ത് പറഞ്ഞ സ്ഥലത്ത് കാത്തുനിന്നിട്ടും കയറ്റാതെ പോയ കെഎസ്‌ആര്‍ടിസിയെ മുട്ടുകുത്തിച്ച് യാത്രക്കാരി. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പളളി പനവേലില്‍ സ്വദേശി ഇനൂജക്കായി ആനവണ്ടി തരിച്ചോടിയത് 60 കിലോ മീറ്റര്‍. 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ചയാണ് സംഭവം. കോഴിക്കോട് കെഎംസിടി സ്‌കൂളിലെ അദ്ധ്യാപികയായ ഇനൂജ നാട്ടിലേക്ക് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് ബസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്‌തു. ഏഴുമണിക്ക് കോഴിക്കോടുനിന്നു പുറപ്പെടുന്ന ബസ് 8.30ന് എടപ്പാള്‍ എത്തുമെന്ന് കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് ഇനൂജ എടപ്പാള്‍ കണ്ടകം കെഎസ്‌ആര്‍ടിസി ബസ്റ്റോപ്പിലാണ് കാത്തുനിന്നത്. ഇതിനിടെ കാത്തുനില്‍ക്കുന്ന വിവരം നിരവധി തവണ കണ്ടക്ടറെ വിളിച്ചറിയിക്കുകയും ചെയ്‌തിരുന്നു.
ഏറെ സമയം കഴിഞ്ഞിട്ടും ബസ് കാണാതിരുന്ന ഇനൂജ വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും ബസ് എത്തി നില്‍ക്കുന്ന സ്ഥലം കൃത്യമായി പറയാതെ ഓട്ടോപിടിച്ച് ചെല്ലണമെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി. ഇതോടെ ഇനൂജ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്‌റ്റേഷനുകളിലും കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ച് വിവരം അറിയിച്ചു. ആസ്ഥാനത്ത് പരാതി ലഭിച്ചതോടെ ബസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. തുടര്‍ന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റി പോവുകയായിരുന്നു.

