തിരുവനന്തപുരം: സംരംഭകർക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്തി പിണറായി വിജയൻ. കൊച്ചിയിൽ ഡിജിറ്റൽ ഹബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പ് മേഖലയിൽ സുപ്രധാന മാറ്റമാകാൻ പദ്ധതി സഹായിക്കും. രണ്ട് ലക്ഷം ചതുരശ്രടി വിസ്തീർണമുള്ള ഡിജിറ്റൽ ഹബ്ബ് കെട്ടിട സമുച്ചയം നിശ്ചയിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് നിർമിച്ചത്. ഡിജിറ്റൽ ഹബ്ബ് കൂടി തുറന്നതോടെ 4 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തെക്ക് കിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് സ്പെയിസാണ് കിൻഫ്രയിലുള്ളത്.
കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കൊവിഡ് പ്രതിസന്ധിക്കിടയിലും മൂന്ന് വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്താക്കി. 87.35 കോടി രൂപ എസ്റ്റിമേറ്റിടത്ത് നിർമാണത്തിനായി വേണ്ട വന്നത് 80 കോടി രൂപ മാത്രം. പൂർണമായും കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം.
യുവാക്കൾക്ക് സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ ആവശ്യമായ പ്രോത്സാഹനവും, സൗകര്യങ്ങളും, സാമ്പത്തിക പിന്തുണയും. നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ അഭിമാന പദ്ധതി സംസ്ഥാന സർക്കാർ നാടിന് സമർപ്പിച്ചത്. കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13 ഏക്കർ സ്ഥലത്താണ് ലോകോത്തര നിലവാരത്തിലുള്ള കെട്ടിടം. അന്തർദേശീയ ഉൽപ്പന്നങ്ങളുടെ ലോഞ്ച് പാഡുകൾ, ഇൻകുബേറ്റർ ആക്സിലറേറ്റർ സ്പേസ്, ഓഫീസ് ഇടങ്ങൾ, പരിശീലന കേന്ദ്രം, സ്റ്റുഡിയോ അങ്ങനെ വിപുലമായ സൗകര്യങ്ങളുണ്ട്. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പി ക്കുന്നതിന് കേരള ബാങ്ക്, കെഎസ്ഐഡിസി ഉൾപ്പടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് 250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരണവും സർക്കാർ ലക്ഷ്യമിടുന്നു.