എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ 9 കോടി രൂപയുടെ പദ്ധതികൾ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എറണാകുളം: സർക്കാരിന്റെ 100 ദിന പരിപാടിയിൽ 9 കോടി രൂപയുടെ പദ്ധതികൾ  കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  

അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും  നൂതനചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെയും  ഭാഗമായി 8 പദ്ധതികളാണ് മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തത്. നാല് നിലകളിലായി 5 കോടി രൂപ ചെലവിൽ ഡോക്ടേഴ്സ് ഫാമിലി ക്വാർട്ടേഴ്സാണ് പദ്ധതികളിലൊന്ന്. കാർ പാർക്കിംഗ് സൗകര്യം ഉൾപ്പടെ 14,639 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് നിർമാണം.

 കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപ ചെലവിലാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. 50 ലക്ഷം രൂപ ചെലവിൽ 20 പേ വാർഡുകൾ നവീകരിച്ചു.  ക്യാമ്പസ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 24.80 ലക്ഷം രൂപ മുതൽ മുടക്കിൽ ഹൈ മാസ്റ്റ് വിളക്കുകളും വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനവും  ഒരുക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചെലവിലാണ് സ്തനാർബുദ രോഗ പ്രതിരോധത്തിന് ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ സ്ഥാപിച്ചത്.

 കെ.ജെ. മാക്സി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയ്ക്ക് അഫേറിസിസ്‌ സംവിധാനം സ്ഥാപിച്ചു. ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിനും രക്തത്തിൽ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങൾ മാറ്റാൻ  ഉതകുന്നതുമാണ് അഫേറിസിസ്‌ സംവിധാനം. കൂടാതെ മുൻ എംഎൽഎ ജോൺ ഫെർണാണ്ടസിന്റെ 2019 -20 ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 40.31 ലക്ഷം രൂപ ചെലവിൽ ആധുനിക ഐസിയു ആംബുലൻസ് സജ്ജമാക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി കാരുണ്യ ഫാർമസിയും നവീകരിച്ചു.

വ്യവസായ -നിയമ- കയർ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ  സീമ കണ്ണൻ, മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ്, വാർഡ് കൗൺസിലർ കെ.കെ. ശശി, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കലാ കേശവൻ,  മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത നായർ, ആർഎംഒ ഡോ. മനോജ് ആന്റണി, നഴ്സിംഗ് സൂപ്രണ്ട് പി എം രാധാമണി തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →