വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് രോഗത്തിന്റെ സമൂഹവ്യാപനം മൂലം പാടെ തകര്‍ന്നുപോയ അമേരിക്കയിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ വിദേശികളായ 40,000 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗ്രീന്‍ കാര്‍ഡ് അടിയന്തരമായി നല്കാന് നീക്കം. ഇതിനുള്ള ബില്ല് സെനറ്റില്‍ അവതരിപ്പിച്ചു. ആരോഗ്യമേഖലയിലുണ്ടായ അടിയന്തര ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഹെല്‍ത്ത് കെയര്‍ വര്‍ക്ക്ഫോഴ്സ് റീസൈലന്‍സ് ആക്ട് അവതരിപ്പിച്ചത്.
ഈ നിയമനിര്‍മാണംവഴി വിദേശത്ത് ജനിച്ച ആരോഗ്യസംരക്ഷണ മേഖലയിലെ ജീവനക്കാര്‍ക്ക് അമേരിക്കയില്‍ നിയമാനുസൃത സ്ഥിരതാമസത്തിനുള്ള നടപടികള്‍ വേഗത്തിലാവും. ഇതേത്തുടര്‍ന്ന് വിസയുടെ ആനുകൂല്യങ്ങള്‍ അവസാനിച്ച 25,000 നഴ്സുമാര്‍ക്കും 15,000 ഡോക്ടര്‍മാര്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ മതിയായ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. അമേരിക്കയിലുള്ള നിരവധി ഇന്ത്യക്കാരായ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പുതിയ ആക്ട് പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തല്‍.
അമേരിക്കയില്‍ ആവശ്യത്തിന് നഴ്സുമാരും ഡോക്ടര്‍മാരുമില്ലെന്ന് കോവിഡ് വ്യാപനത്തിനു മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ നഴ്സുമാര്‍ക്കൊപ്പം മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ലഭ്യമല്ലാതായി. സമീപകാലത്ത് ലൈസന്‍സ് കഴിഞ്ഞവരെയും വിരമിച്ചവരെയുമൊക്കെ തിരികെയെത്തിച്ചാണ് സങ്കീര്‍ണമായ സാഹചര്യത്തെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

