തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയൽ മേലെത്തട്ട് വീട്ടിൽ എസ്.ആർ. ആശയുടെ വേർപാടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അനുശോചിച്ചു. ആശയുടെ വീട്ടുകാരെ ഫോണിൽ വിളിച്ച് മന്ത്രി സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആശയുടെ വേർപാട് വേദനാജനകമാണ്. കോവിഡ് ആദ്യതരംഗം മുതൽ പോസിറ്റീവ് ആയവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവർക്ക് മരുന്നും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനും ആശ മുന്നിൽ നിന്നിരുന്നു. സംസ്‌കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു. അവസാനവർഷ എൽ.എൽ.ബി. വിദ്യാർത്ഥിയായ ആശ പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കുചേർന്നത്. ആശയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.