കൊച്ചി: കൊവിഡ് പകര്‍ച്ചവ്യാധി മൂലം ജോലിയില്ലാതായതിനാല്‍ സ്വദേശത്തേക്കു പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളത്തും മൂവാറ്റുപുഴയിലും തടിച്ചുകൂടി പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുനേരേ പോലീസ് ലാത്തിവീശി. ഇന്നലെ രാവിലെ ഏഴോടെ അഞ്ഞൂറോളം തൊഴിലാളികളാണ് കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാന്റില്‍ ചെറുസംഘങ്ങളായി എത്തിയത്. കൂത്താട്ടുകുളത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ വാഹനങ്ങള്‍ എത്തിയിട്ടുണ്ടെന്ന വ്യാജസന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ തടിച്ചുകൂടിയത്. ടൗണിലെ ക്യാംപുകളിലും സമീപ വാര്‍ഡുകളിലും താമസിച്ചുവരുന്നവരാണ് ഇവര്‍.
സംഭവമറിഞ്ഞ് സിഐ കെ ആര്‍ മോഹന്‍ദാസ്, നഗരസഭ ആരോഗ്യ അധ്യക്ഷന്‍ സണ്ണി കുര്യാക്കോസ് എന്നിവര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പിരിഞ്ഞുപോകാന്‍ തൊഴിലാളികള്‍ കൂട്ടാക്കിയില്ല. പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് സ്വദേശത്തേക്കു പോകാന്‍ സൗകര്യം ഒരുക്കിയെന്നും തങ്ങളെ അവഗണിച്ചെന്നും പരാതിപ്പെട്ട് അവര്‍ റോഡില്‍ കുത്തിയിരുന്നു. വ്യാജസന്ദേശം വിശ്വസിക്കരുതെന്നും പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിട്ട് കൂട്ടാക്കാതിരുന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പലര്‍ക്കും ലാത്തിയടില്‍ പരിക്കേറ്റു. തൊഴിലാളികളെ സംഘടിപ്പിച്ചെന്നു കരുതുന്ന ബംഗാള്‍ സ്വദേശിയെ പോലീസ് കണ്ടെത്തിയെങ്കിലും കേസെടുത്തില്ല.
തിരുമാറാടി പഞ്ചായത്തിലെ ചില കവലകളില്‍ കൂട്ടംകൂടിയ ഇതരസംസ്ഥാന തൊഴിലാളികളെയും അവരുടെ ക്യാംപുകളിലേക്ക് പോലീസ് മടക്കിയയച്ചു. മൂവാറ്റുപുഴയില്‍ വെള്ളിയാഴ്ച രാവിലെ പത്തോടെ മാര്‍ക്കറ്റില്‍ നൂറോളം വരുന്ന ബംഗാള്‍ സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചു. തങ്ങളെ നാട്ടില്‍പോകാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഇവര്‍ പിന്നീട് പോലീസ് സ്റ്റേഷനിലുമെത്തി. താലൂക്ക് തലത്തില്‍ ട്രെയിന്‍യാത്രയ്ക്കുള്ള ക്വാട്ട അനുവദിക്കാത്തതിനാലാണ് ഇവിടങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ വൈകുതെന്നാണ് അധികൃതരുടെ വിശദീകരണം.

