നിപ്പയിൽ നേരിയ ആശ്വാസം; 20 പേരുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ∙ നിപ്പ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 6 പേരുടേത് ഉൾപ്പെടെ 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ നിപ്പ ബാധയുമായി ബന്ധപ്പെട്ട് ആകെ വന്ന 30 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 08/09/21 ബുധനാഴ്ച രാവിലെ അറിയിച്ചു. 21 സാംപിളുകളുടെ ഫലമാണ് ഇനി വരാനുള്ളത്.

നിപ്പ ബാധിച്ചു മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 17 പേർക്കാണു രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ 16 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഒരാളുടെ ഫലം മാത്രമേ അറിയാനുള്ളൂ. സമ്പർക്ക പട്ടികയിൽ ഉള്ള 68 പേർ ഇപ്പോൾ ഗവ. മെഡിക്കൽ കോളജിൽ ഐസലേഷനിലാണ്. ഇതിൽ 4 പേർക്ക് നേരിയ രോഗലക്ഷണങ്ങളുണ്ട്. ആരുടെയും സ്ഥിതി ആശങ്കാജനകമല്ലെന്നും മന്ത്രി അറിയിച്ചു.

കുട്ടിയുമായി സമ്പർക്കം ഉള്ളതായി കണ്ടെത്തിയ 155 പേരെയും പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയ്ക്കായി ഭോപ്പാലിൽനിന്നുള്ള എൻഐവി സംഘം യാത്ര തിരിച്ചിട്ടുണ്ട്. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട്, കാട്ടുപന്നി ഉൾപ്പെടെ ഏതെങ്കിലും മൃഗങ്ങളുടെ സാംപിളുകൾ പരിശോധിക്കുന്നതിനു നിയമതടസ്സം നേരിടുന്നുണ്ടെകിൽ പ്രത്യേക ഉത്തരവിലൂടെ മറികടക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

നിപ്പയുമായി ബന്ധപ്പെട്ട് ജാഗ്രത കൈവിടരുതെന്നും പ്രോട്ടോക്കോൾ പ്രകാരം അവസാന കേസ് സ്ഥിരീകരിച്ച് 42 ദിവസത്തിനു ശേഷം മാത്രമേ ആശങ്ക ഒഴിഞ്ഞെന്നു പറയാനാകൂ എന്നും മന്ത്രിമാർ അറിയിച്ചു. കുട്ടിയുടെ അമ്മയുടേത് ഉള്‍പ്പടെ കഴിഞ്ഞ ദിവസം വന്ന പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ പനിബാധിതരെ കണ്ടെത്താന്‍ സര്‍വേ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →