ടോക്കിയോ: പാരാലിമ്പിക്സില്‍ പത്ത് മെഡലുമായി ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ഹൈജമ്പില്‍ മാരിയപ്പന് തങ്കവേലു വെള്ളിയും ശരദ് കുമാര്‍ വെങ്കലവും നേടിയതോടെ ഇന്ത്യയുടെ നേട്ടം പത്തിലെത്തി.ഇന്നലെ രാവിലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ സിംഹ്രാജ് അദാന വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടിലെത്തിയിരുന്നു. ടി42 വിഭാഗത്തില്‍ 1.86 മീറ്റര്‍ ചാടിയാണ് തങ്കവേലു വെള്ളി സ്വന്തമാക്കിയത്. 2016 ലെ റിയോ പാരാലിമ്പിക്സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടാന്‍ അദ്ദേഹത്തിനായി. ഇതേയിനത്തില്‍ 1.83 മീറ്റര്‍ കടന്നാണു ശരദ് കുമാര്‍ വെങ്കലം നേടിയത്. യു.എസിന്റെ സാം ഗ്രൂ 1.88 മീറ്റര്‍ ചാടി സ്വര്‍ണം നേടി. റിയോയില്‍ വെള്ളി നേടിയ താരമാണു സാം ഗ്രൂ.
മറ്റൊരു ഇന്ത്യന്‍ താരമായ വരുണ്‍ ഭാട്ടി 1.77 മീറ്റര്‍ ചാടി ഏഴാമതെത്തി. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ് മാരിയപ്പനും ശരദും മെഡല്‍ നേടിയത്. മൂന്ന് താരങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 26 വയസുകാരനായ മാരിയപ്പന് തങ്കവേലു തമിഴ്നാട്ടിലെ സേലം ജില്ലക്കാരനാണ്. സ്കൂളിലേക്ക് നടന്ന് പോകുമ്പോള്‍ ബസിടിച്ചതോടെ അദ്ദേഹത്തിന്റെ വലത് കാലിനു ശേഷിക്കുറവുണ്ടായി. വോളിബോള്‍ താരമാവാന്‍ ഇഷ്ടപ്പെട്ട മാരിയപ്പനെ സ്കൂളിലെ കായിക അധ്യാപകനാണ് ഹൈജമ്പിലേക്ക് എത്തിച്ചത്. മത്സരത്തിന് അകമ്പടിയായിരുന്ന ചാറ്റല്‍ മഴ പ്രകടനത്തെ ബാധിച്ചെന്ന് ഇരുതാരങ്ങളും പറഞ്ഞു.
റിയോയില്‍ 1.89 മീറ്റര്‍ ചാടിയാണു സ്വര്‍ണം നേടിയത്. മാരിയപ്പന്റെ നേട്ടത്തിന് പത്മശ്രീ,അര്‍ജുന പുരുസ്കാരങ്ങള്‍ നല്കി ആദരിച്ചു. 2020 ല്‍ ഖേല്‍രത്ന പുരസ്കാരവും ലഭിച്ചു. കാല്‍മുട്ടിനേറ്റ പരുക്ക് വകവയ്ക്കാതെ മത്സരിച്ചാണു ശരദ് കുമാര്‍ വെങ്കലം നേടിയത്. വേദന കാരണം മത്സരത്തിന്റെ തലേ ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെ പി.1 എയര്‍ പിസ്റ്റര്‍ എസ്.എച്ച്. 1 വിഭാഗത്തിലാണു സിംഹ്രാജ് വെങ്കലം നേടിയത്. ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം മനീഷ് നാര്വാളിന് ഫൈനലില്‍ കടക്കാനായില്ല. കോവിഡ്-19 വൈറസ് ബാധയാണു തന്നെ സ്വര്‍ണത്തില്‍നിന്ന് അകറ്റിയതെന്നു സിംഹ്രാജ് മത്സരത്തിനു ശേഷം പറഞ്ഞു. മേയിലാണു സിംഹ്രാജിനു കോവിഡ് ബാധിച്ചത്. മോചിതനായെങ്കിലും അസ്വസ്ഥതകള്‍ വിട്ടുമാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാരാലിമ്പിക്സ് മത്സരങ്ങള്‍ നീട്ടിവച്ചതു തനിക്കു ഗുണം ചെയ്തില്ലെന്നും സിംഹ്രാജ് പറഞ്ഞു.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 ല്‍ ഇന്ത്യയുടെ റൂബിന ഫ്രാന്‍സിസ് ഏഴാം സ്ഥാനത്തായി. അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ രാകേഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരുതിത്തോറ്റു. ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ ഭാവിനബെന്‍ പട്ടേല്‍-സോണല്‍ പട്ടേല്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു.വനിതകളുടെ ഷോട്ട്പുട്ടില്‍ (എഫ്. 34) ഭാഗ്യശ്രീ ജാദവ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

