തിരുവനന്തപുരം: ഓണാവധി ദിനങ്ങളിൽ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ 21/08/2021 ശനിയാഴ്ച വാക്സിൻ നൽകാനായത്.
കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം.
03/08/2021 ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. 21/08/2021 ശനിയാഴ്ച നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ടിപിആർ 17.73 ആയി ഉയർന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. 13/08/2021 വെള്ളിയാഴ്ച അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകി. 30,000ൽ താഴെ മാത്രമാണ് 21/08/2021 ശനിയാഴ്ച നൽകാനായ വാക്സിൻ.

