ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ ഉയര്‍ത്തെഴുന്നേല്‍പ് പോലെ പ്രക്ഷോഭത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനയില്‍ 1989 ല്‍ സംഭവിച്ച ടിയാനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മാതൃകയില്‍ രാഷ്ട്രീയ പ്രക്ഷോഭം അരങ്ങേറുമെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ചൈനയിലെ ഗവേഷണ സ്ഥാപനം പ്രസിഡണ്ടിനും രാജ്യസുരക്ഷാ വകുപ്പിനും നല്‍കി.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പിന്തുണയോടെ ആവും ഇത് സംഘടിപ്പിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചൈനയുടെ രാജ്യസുരക്ഷ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (സി.ഐ.സി.ഐ.ആര്‍ )എന്ന പഠന ഗവേഷണ സ്ഥാപനമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1980 രൂപീകരിച്ച ഈ സ്ഥാപനം നല്‍കുന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചൈനീസ് സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷാ, വിദേശനയം എന്നീ കാര്യങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള ഈ സാഹചര്യത്തെ പറ്റി വാര്‍ത്ത നല്‍കിയിരിക്കുന്നത് റോയിട്ടേഴ്‌സ് ആണ്. റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെങ്കിലും റിപ്പോര്‍ട്ട് വായിച്ചയാളെ ഉദ്ധരിച്ചുകൊണ്ടാണ് റോയിട്ടേഴ്‌സ് വിവരങ്ങള്‍ പുറത്തുവിടുന്നത്.

ചൈനീസ് വിദേശകാര്യ വക്താവ് റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ല എന്ന് മാത്രമാണ് പ്രതികരിച്ചത്.

വൈറസ് ബാധയുടെ ഉറവിടം ചൈനയെ ആണെന്നും വിവരങ്ങള്‍ മറച്ചു വെച്ചുകൊണ്ട് ലോകത്ത് വൈറസ് പടരാന്‍ ഇടയാക്കിയെന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ബ്രസീലും ഒന്നിച്ചുനിന്ന് ആരോപിക്കുന്നുണ്ട്. ലോക രംഗത്ത് ചൈന ഒറ്റപ്പെട്ട സ്ഥിതിയിലാണ്. യൂറോപ്പും അമേരിക്കയും ചൈനയില്‍ നിന്നും നഷ്ടം വാങ്ങാന്‍ സമ്മര്‍ദ്ദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മോശപ്പെട്ട സ്ഥിതിയിലാണ് ചൈന ലോക രംഗത്ത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി കൊണ്ട് ആഭ്യന്തര അഭിപ്രായം സര്‍ക്കാരിനെതിരെ തിരിക്കുവാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൈനയുടെ ഇമേജിന് കോട്ടം തട്ടിയതിന്റെ മാത്രം പശ്ചാത്തലത്തില്‍ ചൈനക്കുള്ളില്‍ രാഷ്ട്രീയ പ്രക്ഷോഭം സംഭവിക്കുക എന്നത് എളുപ്പമല്ല. ടിയാനന്‍മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിന് ശേഷം അത്തരം പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കൊറോണ ബാധയ്ക്ക് ശേഷം അത്തരമൊരു പ്രക്ഷോഭം ഉയരും എന്ന് ചൈനീസ് സര്‍ക്കാര്‍ ഏജന്‍സി തന്നെ കണ്ടെത്തുന്നുണ്ടെങ്കില്‍ അത്തരം ജനവികാരം ഉണ്ട് എന്നു തന്നെയാണ് കരുതേണ്ടത്. കൊറോണയുടെ ദുരന്തങ്ങളില്‍ പെട്ട ആളുകളോ സര്‍ക്കാരിന്റെ അനാസ്ഥയുടെയുടെ പേരില്‍ അമര്‍ഷം സൂക്ഷിക്കുന്നവരോ ഗണ്യമായി അവിടെ ഉണ്ട് എന്നും കരുതാം. കൊറോണ വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് മറച്ചു വെച്ചത് പോലെ സ്വന്തം രാജ്യത്തെ ജനങ്ങളില്‍ നിന്നും മറച്ചുവെച്ചു എന്ന പ്രതിഷേധം രാജ്യത്തിനുള്ളില്‍ ഉണ്ടാവാം.

ഈ റിപ്പോര്‍ട്ട് ഏപ്രില്‍ മാസം ഒടുവിലാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ചുവടുവെപ്പുകള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചു എന്ന് കരുതാവുന്ന നയമാറ്റങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. ലോക ആരോഗ്യ സംഘടനയ്ക്ക് അമേരിക്ക ഫണ്ട് നിഷേധിച്ചതില്‍ പ്രതികരിക്കാതിരുന്ന ചൈന ഏപ്രില്‍ ഒടുവില്‍ വന്‍ തുക ലോകാരോഗ്യസംഘടന കൈമാറിക്കൊണ്ട് നിലപാടെടുത്തു. വിയറ്റ്‌നാം അവകാശവാദമുന്നയിക്കുന്ന തെക്കന്‍ ചൈന കടലില്‍ നിന്നും അമേരിക്കന്‍ കപ്പലുകളെ പുറത്താക്കി. വൈറസ് ബാധയുടെ ഇരയാണ് ചൈന എന്ന് വ്യാഖ്യാനിച്ച ഭരണാധികാരികള്‍ ഇപ്പോള്‍ പറയുന്നത് ലോകത്ത് വൈറസ് വ്യാപിപ്പിക്കുന്നത് അമേരിക്കയാണ് എന്നാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →