വാക്സിനെടുക്കാത്തതിന് പിരിച്ചുവിട്ടു: വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഹര്‍ജി കോടതിയില്‍

അഹമ്മദാബാദ്: കോവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിച്ചതിന് പിരിച്ച് വിട്ട കേന്ദ്ര നടപടിയ്‌ക്കെതിരേ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍. വ്യോമസേനയിലെ കോര്‍പ്പറല്‍ യോഗേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്.രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഒമ്പതു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു ഷോകോസ് നോട്ടീസ് നല്‍കിയിരുന്നെന്നും അതിനോടു പ്രതികരിക്കാതിരുന്ന ഒരാളെ സര്‍വീസില്‍നിന്നു നീക്കിയെന്നുമാണ് ഹര്‍ജിയിലെ വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാംഗ് കോടതിയെ അറിയിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതു രാജ്യത്തു പൊതുവേ ഓരോരുത്തരുടെയും സ്വന്തം താല്‍പ്പര്യത്തിനു വിട്ടിരിക്കുകയാണ്. എന്നാല്‍ വാക്സിനെടുക്കുക വ്യോമസേനയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധിതമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദേശിച്ചുള്ള ഷോകോസ് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോര്‍പ്പറല്‍ യോഗേന്ദ്ര കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസിനു മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനു സായുധസേനാ ട്രിബ്യുണലിനു മുമ്പാകെ ഹാജരാകാമെന്ന് എ.എസ്.ജി. പറഞ്ഞു.യോഗേന്ദ്ര കുമാറിന്റെ കാര്യം പുതുതായി പരിഗണിക്കാന്‍ വ്യോമസേനയ്ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്തിമ തീരുമാനമുണ്ടാകുന്നതുവരെ നിര്‍ബന്ധമായി വാക്സിന്‍ നല്‍കരുത്. രണ്ടാഴ്ചയാണ് ഇതിനു സമയമനുവദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →