തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ ഭൂമി ഇപാട് കണ്ടെത്താന്‍ ശ്രമം. വിശദാംശങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ ഐജിക്ക് അന്വേഷണ സംഘം കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തിട്ടുളള ഭൂമിയിടപാട് സംബന്ധിച്ചുളള വിവരങ്ങളാണ് ആരാഞ്ഞത്.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങി യിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ പേരിലും ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും വസ്‌തുക്കള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. അത് ഏതെല്ലാമാണെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. പ്രതികളുടെ സ്വത്ത് വിലയിരുത്തുന്നതിനുകൂടിയാണ് ഈ നടപടി.
റിസോര്‍ട്ടിടപാട് ഉള്‍പ്പടെ തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികള്‍ കൈമാറിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അതും പരിശോധിച്ചുവരികയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ ബാങ്ക് ഭരണ സമിതിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ ഇടപാടുകളും ഭരണ സമിതിയുടെ അറിവോടെയാണെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

