മഹാരാഷ്ട്ര: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. 17/08/2021 ചൊവ്വാഴ്ച മുതൽ സ്കൂളുകൾ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഖ്യാപനം.
നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് 17/08/2021 ചൊവ്വാഴ്ച മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടാസ്ക് ഫോഴ്സ് ഇതിനെ എതിർത്തതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
11/08/2021 ബുധനാഴ്ച രാത്രി വിദ്യാഭ്യാസ വകുപ്പും ടാസ്ക് ഫോഴ്സും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയിൽ പങ്കായിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിയത്.
സംസ്ഥാനത്ത് 2 ഡോസ് വാക്സിനെടുത്തവർക്ക് 08/08/2021 ഞായറാഴ്ച മുതൽ മാളുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. കൊവിഡ് വാക്സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം ആരോഗ്യമന്ത്രി രാജേഷ് ടോപെ ആണ് ഇക്കാര്യം അറിയിച്ചത്.

