ആലപ്പുഴ: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി കെ. രാജന്‍

ആലപ്പുഴ: സംസ്ഥാനത്ത് അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എം.എല്‍. എ.മാരുമായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്തി വെക്കാന്‍ അനുവദിക്കില്ല. അന്തിയുറങ്ങാന്‍ ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കലാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായുള്ള സത്വര നടപടികള്‍ റവന്യു വകുപ്പ് സ്വീകരിച്ചു വരികയാണ്. ലാന്റ് ട്രൈബ്യൂണലുകളിലും ലാന്റ് ബോര്‍ഡുകളിലുമായി കെട്ടി കിടക്കുന്ന കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കി പട്ടയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സര്‍വ്വേ, റീസര്‍വ്വേ നടപടികള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ സ്മാര്‍ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം, പട്ടയ വിതരണ പ്രശ്‌നങ്ങള്‍, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ യോഗത്തില്‍ ചര്‍ച്ചയായി. എം.എല്‍.എ.മാര്‍ ഉന്നയിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഒരു സ്‌പെഷ്യല്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചെന്നും ഈ മാസം അവസാനത്തോടെ ഒരു ഡാഷ് ബോര്‍ഡ് തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പിന്റെ പുതിയ പദ്ധതികള്‍ക്ക് എം.എല്‍.എ.മാര്‍ പിന്തുണ അറിയിച്ചു. 
യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, എം.എസ്. അരുണ്‍കുമാര്‍, യു. പ്രതിഭ, തോമസ് കെ. തോമസ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ. ബിജു, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, സര്‍വ്വേ ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍, ഐ.എല്‍.ഡി.എം. ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →