നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഒപ്പം താമസിക്കുകയായിരുന്ന 35 കാരനെ കൊലപ്പെടുത്തി യുവാവ്. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് റൂം മേറ്റിനെ ഇരുപത്താറുകാരനായ യുവാവ് കൊലപ്പെടുത്തിയത്. 07/08/21 ശനിയാഴ്ച രാത്രിയാണ് സംഭവം.
രാജു നന്ദേശ്വറാണ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന ദേവാന്‍ഷ് വാഘോടെയും രാജുവും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങളുണ്ടായി. പിന്നീട് ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വാടകമുറിയില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു രാജുവും ദേവാന്‍ഷും. കഴിഞ്ഞദിവസം നടന്ന തര്‍ക്കത്തിനിടയില്‍ ദേവാന്‍ഷ് രാജുവിനെ മൂര്‍ച്ചയുള്ള ഒരു വസ്തു കൊണ്ട് തലക്കടിച്ചു. രാജു അപ്പോള്‍ തന്നെ കൊല്ലപ്പെട്ടു.
തുടര്‍ന്ന് ദേവാന്‍ഷ് രാജുവിന്റെ ശരീരം പുറത്തുകൊണ്ടുപോയി കളഞ്ഞു. തിരിച്ചുവന്ന് മുറിയെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം ഇയാള്‍ അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.
വീടിനടുത്ത് ശവശരീരം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ നിന്നും ദേവാന്‍ഷിനെ പിടികൂടിയത്.