ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ മടക്കം

ടോക്കിയോ: ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഒളിമ്പിക്സില്‍ നിന്ന് ഇന്ത്യയുടെ മടക്കം. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അടക്കം ഏഴു മെഡലുകള്‍ അക്കൗണ്ടിലാക്കിയ ഇന്ത്യയുടെ 48 ാം സ്ഥാനക്കാരായി. മെഡലുകളുടെ കണക്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്സാണ് കണ്ടത്. 2012 ലണ്ടന്‍ ഒളിമ്പിക്സിലെ റെക്കോഡ് മറികടന്നു. ലണ്ടനില്‍ രണ്ടു വെള്ളിയും നാലു വെങ്കലവും അടക്കം ആറു മെഡലുകള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ കയറി. മെഡല്‍ പട്ടിക അല്ലാതെയും ഒരുപിടി സവിശേഷതകള്‍ ഇന്ത്യ കുറിച്ചു. അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണ് ജാവലിന്‍ ത്രോയിലൂടെ നീരജ് ചോപ്ര നേടിയത്.ഒളിമ്പിക്സിലെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരവുമാണ് 23 വയസുകാരനായ ചോപ്ര. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ് ഈ നേട്ടം ആദ്യം കരസ്ഥമാക്കിയത്.വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം കുറിച്ച പി.വി. സിന്ധു ഇന്ത്യക്കായി രണ്ടു തവണ വ്യക്തിഗത ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിതയായി. റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു.

ടോക്കിയോയില്‍ വനിതാ ഭാരോദ്വഹന താരം മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കുന്നത്. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ മീരാ ബായ് വെള്ളി നേടി. 202 കിലോ ഉയര്‍ത്തിയാണു മീരാ ബായുടെ മെഡല്‍ നേട്ടം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഒളിമ്പിക്സ് മെഡലാണിത്. 2000 ത്തിലെ സിഡ്നി ഒളിമ്പിക്സില്‍ കര്‍ണം മല്ലേശ്വരി (69 കിലോ വിഭാഗം) വെങ്കലം സ്വന്തമാക്കിയിരുന്നു. ഹോക്കിയിലും ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. പുരുഷ ടീം മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ കാവലില്‍ വെങ്കലം നേടി.വനിതാ ടീം പൊരുതിയെങ്കിലും വെങ്കലം വെട്ടിപ്പിടിക്കാനായില്ല. ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ടീം ഒളിമ്പിക്സ് സെമി ഫൈനലില്‍ കളിക്കുന്നത്. ലോക രണ്ടാം നമ്പര്‍ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് പെണ്‍പട സെമിയില്‍ കളിച്ചത്. സെമിയില്‍ അര്‍ജന്റീനയോട് ഇന്ത്യ തോറ്റു. 1980 ലെ മോസ്‌കോ ഒളിമ്പിക്സിലും ഇന്ത്യന്‍ വനിതാ ഹോക്കി ടീം നാലാമത് എത്തിയിരുന്നു. അന്ന് ആറ് ടീമുകള്‍ മാത്രമാണ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ പങ്കെടുത്തത്. 2016 റിയോ ഒളിമ്പിക്സില്‍ 12-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. വനിതകളുടെ വ്യക്തിഗത ഗോള്‍ഫ് സ്ട്രോക്ക് പ്ലേ ഇനത്തില്‍ ഇന്ത്യയുടെ അദിതി അശോക് വെങ്കലത്തിനു തൊട്ടടുത്തെത്തി പരാജയപ്പെട്ടു.തുഴച്ചിലിലെ ഡബിള്‍ സ്‌കള്‍സില്‍ സെമി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായി അര്‍ജന്‍ ജാട്ട് – അരവിന്ദ് സിങ് സഖ്യം. 11 -ാം സ്ഥാനത്താണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഈ ഇനത്തില്‍ ഇന്ത്യ കുറിക്കുന്ന എക്കാലത്തേയും മികച്ച പ്രകടനമാണിത്. ഒളിമ്പിക്സ് ഗെയിംസിനായി യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫെന്‍സിങ് താരമായും ഇത്തവണ ഭവാനി ദേവി മാറി. 69 കിലോ വിഭാഗത്തില്‍ അസംകാരി ലോവ്ലിന ബോര്‍ഗോഹെയ്ന്‍ വെങ്കലം നേടി ആ കേട് തീര്‍ത്തു. പിന്നാലെ ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ വെള്ളി നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →