ന്യൂഡല്‍ഹി: തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ബാബറി മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ ഗിലാനി രംഗത്തെത്തി. ക്ഷേത്ര നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കി നിരത്തുന്നത് മുന്‍പേ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ മുസ്ലിങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗിലാനി രാമക്ഷേത്ര നിര്‍മ്മാണ ഭാരവാഹികള്‍ക്ക് കത്ത് അയച്ചതിന് പിന്നാലെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണ്.
സുപ്രീം കോടതി നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം രാമക്ഷേത്ര നിര്‍മാണത്തിന് പ്രദേശം വിട്ടുകൊടുത്തുകൊണ്ട് തീര്‍പ്പാക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി കൈമാറിയിരുന്നു. ക്ഷേത്ര നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെയാണ് പുതിയ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്. മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഇതു സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗിലാനി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ലഭിച്ചിട്ടുള്ള സ്ഥലത്തുള്ള പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ അവകാശം ഉന്നയിച്ചുകൊണ്ട് ഒരു വ്യവഹാരം കോടതിയില്‍ സ്വീകരിക്കപ്പെട്ടാല്‍ അത് തീര്‍പ്പ് ആകുന്നതുവരെ ഒരുപക്ഷേ ക്ഷേത്ര നിര്‍മാണം മുടങ്ങിയേക്കാം.

കത്തിലെ ഉള്ളടക്കം ഇനി പറയുന്ന പ്രകാരമാണ്.
‘1992 ഡിസംബര്‍ ആറാം തീയതി ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം അതിന്റെ അവശിഷ്ടങ്ങളും ശിലകളും ആ സ്ഥലത്ത് ഉണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം നിരപ്പാക്കുമ്പോള്‍ അവ നീക്കം ചെയ്യപ്പെടാന്‍ ഇടയുണ്ട്.
അവയെല്ലാം നീക്കംചെയ്തു മറ്റെവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുമെന്ന് മുസ്ലീങ്ങള്‍ സംശയിക്കുന്നുമുണ്ട്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഇവയ്ക്ക് പ്രാധാന്യമൊന്നുമില്ല. എന്നാല്‍ അത് ധാരാളം മുസ്ലീങ്ങളെ വ്രണപ്പെടുത്തും. മുസ്ലിമുകളുടെ വികാരങ്ങള്‍ മാനിച്ച് ബാബറി മസ്ജിദ് അവശിഷ്ടങ്ങള്‍ മുസ്ലിം സമുദായത്തിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇതിനു വേണ്ടി സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിക്കാതെ നമുക്കിടയില്‍ അത് പരിഹരിക്കുകയാണ് എങ്കില്‍ മഹത്തായ ഈ രാജ്യത്തിന്റെ സമാധാനത്തിന് ഗുണപരമായി ഭവിക്കും.’
ഗിലാനിയുടെ കത്തിന് ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് പ്രസിഡണ്ട് നൃത്യഗോപാല്‍ ദാസോ ജനറല്‍ സെക്രട്ടറി ചമ്പത് റായിയോ മറുപടി നല്‍കിയിട്ടില്ല. 28 വര്‍ഷത്തിന് ശേഷം ആര്‍ക്കാണ് അതേപ്പറ്റി അറിയാവുന്നത് എന്നാണ് ചമ്പത് റായി പറയുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ ആഗോള കമ്മറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായി ക്ഷേത്രനിര്‍മ്മാണത്തെപറ്റി മാത്രമാണ് സൂചിപ്പിക്കുന്നത്. കോടതിയില്‍ കേസ് ഉണ്ടായിരുന്നപ്പോള്‍ അതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഇപ്പോള്‍ ആ അദ്ധ്യായം കഴിഞ്ഞു. ഇനി മുമ്പില്‍ ചെയ്യാനുള്ള കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

രാമക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനായ നൃത്യ ഗോപാല്‍ ദാസ് പറയുന്നത് മറ്റൊന്നാണ്. രാമജന്മഭൂമിയില്‍ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ ഒന്നുമില്ല. ഡിസംബര്‍ ആറാം തീയതി കര്‍സേവകര്‍ അവശിഷ്ടങ്ങള്‍ പെറുക്കി കൊണ്ടുപോയി എന്നുമാണ്.
കത്തിന് മറുപടിയില്ലാത്ത സാഹചര്യത്തില്‍ ഗിലാനി കേസുമായി മുന്നോട്ടു പോകും.
അലഹബാദ് ഹൈക്കോടതി രാമജന്മഭൂമി ബാബറി മസ്ജിദ് കേസ് പരിഗണിക്കുമ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെ കൊണ്ട് തര്‍ക്ക സ്ഥലത്ത് ഖനനം നടത്തിച്ചു. കേസിലെ കക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. 26 മാര്‍ച്ച് 2003-ല്‍ ആയിരുന്നു ഖനനത്തിനുള്ള ഉത്തരവ് അലഹബാദ് കോടതി നല്‍കിയത്. 22 ഓഗസ്റ്റ് 2003 ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ജോലി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഖനനം നടന്ന ദിവസങ്ങളിലെല്ലാം കേസിലെ കക്ഷികള്‍ക്കോ അഭിഭാഷകര്‍ക്കോ നിരീക്ഷിക്കുവാന്‍ അവസരമുണ്ടായിരുന്നു. കേസില്‍ കക്ഷി ആയിരുന്ന ഗിലാനി ആ ദിവസങ്ങളില്‍ തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ 10 അടി ഉയരത്തില്‍ കുന്നുകൂടി കിടക്കുന്നത് കണ്ടിരുന്നു. ഇത് അന്നത്തെ വീഡിയോകളിലും ഫോട്ടോഗ്രാഫിയിലും ഉണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ അവശിഷ്ടങ്ങള്‍ ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകിട്ടിയ സ്ഥലത്തുതന്നെ ഇപ്പോഴുമുണ്ട് എന്നാണ് ഗിലാനി വാദിക്കുന്നത്.
തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു കൊണ്ടുള്ള വിധിയ്‌ക്കെതിരെ ഗിലാനി പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു. കല്ലുകളും അവശിഷ്ടവും ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കത്ത് അയച്ചതും വ്യവഹാരങ്ങള്‍ തുടങ്ങുന്നതും രാമജന്മഭൂമി -ബാബറി മസ്ജിദ് വിവാദം പുതിയൊരു രൂപത്തില്‍ തുടരുന്നതിന് കാരണമാകും.
അടിയന്തര സ്വഭാവമുള്ള ഹര്‍ജികള്‍ മാത്രമാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.ലോക് ഡൗണിന് ശേഷം ബാബറി മസ്ജിദ് കമ്മിറ്റിയും ഗിലാനിയും കേസുമായി സുപ്രീം കോടതിയില്‍ എത്തും എന്നാണ് പറയുന്നത്.

