സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്കായി വ്യാപക പരിശോധന

കോഴിക്കോട്‌ : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി സംസ്ഥാന വ്യാപകമായ പരിശോധന. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ കേസുകളിലെ മുഖ്യ പ്രതി ഇബ്രാഹിം പുല്ലേട്ടിനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പരിശോധന. എറണാകുളം,തൃശൂര്‍ ജില്ലകളിലായി ആറിടത്ത്‌ സമാന്തരഎക്‌സ്‌ചേഞ്ചുകള്‍ പിടികൂടി. എക്‌സ്‌ചേഞ്ചുകള്‍ക്കുവേണ്ടിയുളള നൂറോളം ഉപകരണങ്ങള്‍ കേരളത്തിലാകെ വിതരണം ചെയ്‌തിട്ടുളളതായിട്ടാണ്‌ ഇബ്രാഹിമിന്‍റെ മൊഴി. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ 9 സ്ഥലങ്ങളില്‍ നടത്തിയിരുന്ന എക്‌സ്‌ചേഞ്ചുകള്‍ 2021 ജൂണ്‍ 9 ന്‌ പിടികൂടിയിരുന്നു. കോഴിക്കോട്ട്‌ നടത്തിയ പരിശോധനയില്‍ 7 കേന്ദ്രങ്ങള്‍ കണ്ടെത്തി.

സ്വര്‍ണക്കടത്ത്‌ ,കുഴല്‍പണം, ലഹരി ഇടപാടുകള്‍ തുടങ്ങിയവയുടെ ആസൂത്രണത്തിനാണ്‌ സമാന്തരഎക്‌സ്‌ചേഞ്ചുകള്‍ ഉപയോഗിക്കുന്നതെന്നാണ്‌ നിഗമനം. ബംഗളൂരുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചു. രണ്ടുമാസത്തിനിടെ കേരളം കര്‍ണാടകം, ബീഹാര്‍,ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ കുഴല്‍ ഫോണ്‍ എന്ന് വിളിപ്പേരുളള സമാന്തര ടെവഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിട്ടുളളത്. . വിദേശത്തുനിന്ന വരുന്ന കോളുകള്‍ ഔദ്യോഗിക മാര്‍ഗമായ ഐഎല്‍ഡി ഗേറ്റ്‌ വേയിലൂടെയാണ്‌ ഇന്ത്യയിലെത്തുന്നത്‌.

എന്നാല്‍ അതിനെ മറികടന്ന്‌ വോയിസ്‌ ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ (വിഒഐപി) സാങ്കേതിക വിദ്യയിലൂടെ വിദേശത്തുനിന്നുളള കോളുകള്‍ സ്വീകരിച്ച്‌ ചൈനീസ്‌ ഉപകരണത്തിന്‍റെ സഹായത്തോടെ രാജ്യത്തിനകത്തുനിന്നുളള മൊബൈല്‍ കോളുകളാക്കി മാറ്റുകയാണ്‌ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ചെയ്യുന്നത്‌. ഒരേസമയം 32 മുതല്‍ 128 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്. . ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയല്ലാത്ത കോളുകളായതിനാല്‍ ഫോണ്‍ വിളികള്‍ എവിടെയും രേഖപ്പെടുത്തുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →