കൊച്ചി : സംസ്ഥാനത്ത് എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുളള ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന് വലിക്കാനുളള നിര്ദ്ദേശമുമണ്ടാവണമെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
ലോക്ക്ഡൗണ്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാണെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ഇളവുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയുമാണ് വ്യാപാരികള്‍. ബക്രീദിന് ശേഷം ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെ ഓഗസ്റ്റ് 2 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്താനും ഓഗസറ്റ് 9 മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുമാണ് തീരുമാനം.
നിയന്ത്രണങ്ങളുടെ ഭാഗമായി കൂടുതല്‍ ദിവസം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ തുറന്നു പ്രര്‍ത്തിക്കുന്ന ദിവസങ്ങളില്‍ വലിയ ആള്ക്കൂട്ടമുണ്ടാവുന്നുവെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ് മറ്റൊരു ആരോപണം. കടകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി വ്യവയായി ഏകോപന സമിതി അഭിപ്രയപ്പെട്ടു. മുമ്പ് കടുത്ത നിലപാടിലേക്ക് പോകാതിരുന്നത് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെന്നും എന്നാല്‍ അദ്ദേഹം വാക്കുപാലിച്ചില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.