കോതമംഗലം കൊലപാതകം; രാഖിലിന് തോക്ക് കിട്ടിയതെങ്ങനെയെന്നന്വേഷിച്ച് പൊലീസ്

കോതമംഗലം: ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്ന രാഖിലിന് തോക്ക് ലഭ്യമായതെങ്ങനെയെന്ന അന്വേഷണവുമായി പൊലീസ്. 7 തിരകൾ വരെ നിറയ്ക്കാവുന്ന പിസ്റ്റളാണ് രാഖിൽ കൃത്യത്തിനായി ഉപയോഗിച്ചത്. ഇത്തരമൊരു തോക്ക് സാധാരണക്കാർക്ക് ലഭ്യമാകുന്നത് അത്ര എളുപ്പമല്ലെന്നാണ് പൊലീസ് കരുതുന്നത്. ഇന്റർനെറ്റിലെ ഡാർക്ക് സൈറ്റുകൾ വഴിയോ മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ നിന്നോ ആകാം ഇയാൾ ആയുധം കൈക്കലാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ക്വട്ടേഷൻ സംഘങ്ങളുടെ കയ്യിൽ നിന്നും തോക്ക് കിട്ടാനും സാധ്യതയുണ്ട്.

മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ ഒരു മാസമായി മാനസ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മാനസയ്ക്ക് ഈ കാര്യം അറിയില്ലായിരുന്നു.

പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖില്‍ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ.

30/07/21 വെള്ളിയാഴ്ച ഉച്ചയോടെ പ്രതി രാഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഗിന്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.

സംഭവത്തില്‍ കോതമംഗലം പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →