തൃശ്ശൂർ: കൊടുങ്ങല്ലൂർ താലൂക്കിലെ എല്ലാ റേഷൻ കടകളിലും ജൂലൈ മാസത്തിൽ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും റേഷൻ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ലഭ്യമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. മഞ്ഞ കാർഡുകൾക്ക് 30 കിലോഗ്രാം അരിയും നാലു കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു പാക്കറ്റ് ആട്ട 6 രൂപയ്ക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ ലഭിക്കും. അനുവദിച്ച ഗോതമ്പിന്റെ അളവിൽ നിന്നും ഒരു കിലോ കുറച്ച് അതിനുപകരം ഒരു പാക്കറ്റ് ആട്ട എട്ട് രൂപ നിരക്കിലും ലഭിക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
നീല കാർഡിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നാല് രൂപ നിരക്കിൽ ലഭിക്കും. നാല് കിലോ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. കൂടാതെ സ്പെഷ്യലായി കാർഡ് ഒന്നിന് 10 കിലോ അരി കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. വെള്ള കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നാല് കിലോഗ്രാം ആട്ട 17 രൂപ നിരക്കിലും ലഭിക്കും. കൂടാതെ സ്പെഷ്യൽ അരിയായി കാർഡൊന്നിന് ഒരു കിലോയ്ക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കും.
എൻ പി ഐ കാർഡിന് രണ്ട് കിലോഗ്രാം അരി കിലോഗ്രാമിന് 10. 90 രൂപ നിരക്കിലും ഒരുകിലോഗ്രാം ആട്ട 17 രൂപ നിരക്കിലും ലഭിക്കും. കൂടാതെ സ്പെഷലായി കാർഡൊന്നിന് രണ്ട് കിലോ അരി 15 രൂപ നിരക്കിൽ ലഭിക്കും.
കാർഡുടമകൾ എത്രയും വേഗം റേഷൻ ഭക്ഷ്യസാധനങ്ങൾ കൈപ്പറ്റണം. കാർഡുടമകൾ റേഷൻ വാങ്ങാൻ വരുമ്പോൾ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.