റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയും ഓണ്‍ലൈന്‍ പഠനവും സുശക്തമാക്കാന്‍ ‘ദിശ’

July 15, 2021 - 9:57 pm

കൊല്ലം: കോവിഡ് കാലത്തെ തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പു കൂടുതല്‍ മെച്ച പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ദിശ യോഗം.  ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ പട്ടികവര്‍ഗ കോളനികളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംവിധാനവും വിലയിരുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരു ത്തുന്ന സമിതി ഓണ്‍ലൈനായി ചേര്‍ന്നാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തിയത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡ്രൈവിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കി പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്താനും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ടി.പി.ആര്‍ നിരക്ക് കുറഞ്ഞ പഞ്ചായത്തുകളില്‍ അടിയന്തരമായി തൊഴില്‍ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. കിണര്‍ റീചാര്‍ജിങ്, മഴക്കുഴി നിര്‍മ്മാണം എന്നിവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണം എന്ന് കെ. സോമപ്രസാദ് എം.പി നിര്‍ദ്ദേശിച്ചു. ഹരിതകേരളം മിഷനുമായി ചേര്‍ന്നുകൊണ്ട് വരള്‍ച്ച ബാധിത പ്രദേശങ്ങളുടെ കണക്കെടുപ്പ് നടത്തി തൊഴിലുറപ്പ് പദ്ധതിയിലേക്ക് വ്യാപിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. അംഗന്‍വാടികളുടെയും ഗ്രാമീണ റോഡുകളുടെയും നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള അടിയന്തര ശ്രദ്ധ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എ.എം. ആരിഫ്  എം.പി പറഞ്ഞു. മൊബൈല്‍ ഫോണ്‍ റേഞ്ച് ലഭ്യമല്ലാത്ത കിഴക്കന്‍ മലയോര മേഖലയിലെ 14 കോളനികളില്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള സഹായം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സുനാമി ഫ്‌ളാറ്റുകളില്‍ പ്രത്യേക ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനും പി.എം.ജി.എസ്.വൈ. പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചു അടിയന്തിര യോഗം വിളിക്കാനും തീരുമാനിച്ചു. ജില്ലാ വ്യവസായ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പരമാവധി അപേക്ഷകള്‍ അനുവദിച്ച് നല്‍കണമെന്നും ലീഡ് ബാങ്ക് മാനേജരോട് യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി.
ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍.എസ്.നായര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി പി.ഹരി കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ റീനാ ചാക്കോ, ദിശ കോര്‍ഡിനേറ്റര്‍ ടി.കെ.സയൂജ, എം.ജി. എന്‍.ആര്‍.ഇ.ജി.എസ്. ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ എ. ലാസര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *