കൊച്ചി: കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി സിസ്റ്റര്‍ ലൂസി കളപ്പുര 14/07/21 ബുധനാഴ്ച സ്വയം വാദിക്കും. ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഹാജരാവേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന് വക്കാലത്ത് ഒഴിഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം സിസ്റ്റര്‍ ലൂസി കളപ്പുര എടുത്തത്. പിന്നീട് പല അഭിഭാകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയ്യാറായില്ല.
‘39 വര്‍ഷമായി ഞാന്‍ മഠത്തില്‍ കഴിയുന്നു. ഇതിനിടെ ഒരു തെറ്റും ചെയ്തിട്ടില്ല. സഭാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് എന്നെ അങ്ങനെയങ്ങ് പുറത്താക്കാനാവില്ല. നീതി പീഠത്തില്‍ എനിക്ക് വിശ്വാസമുണ്ട്,’ ലൂസി കളപ്പുര പറഞ്ഞു.
കോടതി നടപകളിലൊന്നും വലിയ അറിവില്ലെങ്കിലും ഒരു സാധാരണ വ്യക്തിയുടെ ഭാഷയില്‍ സ്വയം നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുമെന്നും സിസ്റ്റര്‍ പറഞ്ഞു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

