എറണാകുളം: പ്രധാനമന്ത്രി ഉജ്ജ്വലയോജനയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഏപ്രില്‍ 25 വരെ 2751 സിലണ്ടറുകള്‍ വിതരണം ചെയ്തു എന്ന് ഭാരത് പെട്രോളിയം ലിമിറ്റഡ് കൊച്ചി ടെറിട്ടറി മാനേജര്‍ രാജീവ്വി.ഡി. അറിയിച്ചു. ജില്ലയില്‍ ആകെ 5675 പി.എം.യു.വൈ. ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 3151 ഉപഭോക്താക്കളാണ് ഏപ്രില്‍ 25 വരെ ഈ പദ്ധതിയുടെ കീഴില്‍ സൗജന്യ ഗ്യാസ് സിലണ്ടറിനായി ബുക്ക് ചെയ്തിട്ടുള്ളത്. ബുക്ക് ചെയ്തവരുടെ അക്കൗണ്ടിലേക്ക് ഗ്യാസ്സിലണ്ടറിനായുള്ള തുക നിക്ഷേപിച്ചു കഴിഞ്ഞു.
മെയ് ജൂണ്‍ മാസങ്ങളിലും ഇതേ രീതിയില്‍ സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കായി തുക നിക്ഷേപിക്കും. രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പി.എം.യു.വൈ. ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ മാസം വരെ സൗജന്യ എല്‍പിജി സിലണ്ടര്‍ നല്കുന്ന പദ്ധതിയിലൂടെയാണ് സൗജന്യ ഗ്യാസ് സിലണ്ടര്‍ വിതരണം ചെയ്യുന്നത്. ആ പദ്ധതി കൂടാതെ എല്ലാ ഉപഭോക്താക്കള്‍ക്കും എണ്ണകമ്പനികള്‍ അവശ്യവസ്തുക്കളും മരുന്നും സിലണ്ടര്‍ നല്കുന്ന സമയത്ത് എത്തിച്ചു കൊടുക്കുന്നുമുണ്ട്. ഇതിനായി സിലണ്ടര്‍ ബുക്ക് ചെയ്യുന്ന സമയത്ത് ഉപഭോക്താക്കള്‍ സ്വന്തം ആവശ്യങ്ങളും അറിയിക്കേണ്ടതാണെന്ന് ഭാരത് പെട്രോളിയം ലിമിറ്റഡിലെ അധികൃതര്‍ പറഞ്ഞിട്ടുണ്ട്.



