തിരുവനന്തപുരം:പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതികൾ ഇൻസ്പെക്ടർമാർ നേരിട്ടു കേൾക്കണമെന്നത് ഉൾപ്പെടെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശം പുറപ്പെടുവിച്ചു. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. ഇക്കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈ.എസ്.പി.യോ നിരീക്ഷിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശിച്ചു.
വനിതകൾക്കെതിരേയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിച്ച് ഇരയുടെ സുരക്ഷ ഉറപ്പാക്കണം. പരാതികൾക്ക് കൈപ്പറ്റ് രസീതും നൽകണം. ഉദ്യോഗസ്ഥർക്ക് നൽകുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രിൻസിപ്പൽ എസ്.ഐ. രേഖപ്പെടുത്തണം. പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരിപദാർഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യപരിശോധന നടത്തി നിയമ നടപടി സ്വീകരിക്കണം. സ്റ്റേഷനിൽ ക്രൈം കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും രാത്രി സ്റ്റേഷനുകളിൽ കഴിയുന്നവരുടെയും വിവരങ്ങൾ സബ് ഡിവിഷൻ പോലീസ് ഓഫീസർമാർക്ക് അറിവുണ്ടാകണം. ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന നടത്തി നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കണം.
പോലീസ് ഉദ്യോഗസ്ഥർ തന്നെ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചാൽ കർശന നടപടി സ്വീകരിക്കും. നാട്ടുകാർ പിടികൂടി ഏൽപ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്ക് കണ്ടെത്തിയാൽ ഇൻസ്പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തി വൈദ്യപരിശോധന നടത്തണം. പോലീസ് സ്ക്വാഡ്, ഷാഡോ പോലീസ് എന്നിവർ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യംചെയ്യാൻ ചില സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മടിക്കുന്നതിനാൽ ഷാഡോ ടീം തന്നെ അവരെ ചോദ്യംചെയ്യുന്നത് പലപ്പോഴും പീഡനങ്ങളിലേക്ക് എത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് കേസ് വിവരങ്ങൾ അറിയാത്തത് പ്രോസിക്യൂഷൻ നടപടികളെ ബാധിക്കുന്നു. അതിനാൽ ക്രിമിനലുകളെ ചോദ്യംചെയ്യുന്പോൾ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം ആവശ്യമാണ്.
രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നത് നിയന്ത്രിക്കണം. സാമൂഹിക മാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ ഔദ്യോഗിക ഇ-മെയിലും ഫോൺ നമ്പറും ഉപയോഗിക്കരുത്. പരാതിയുമായി എത്തുന്നവരെ സ്റ്റേഷനുകളിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കരുത്. പോലീസ് സ്റ്റേഷനുകൾക്ക് പെർമനന്റ് അഡ്വാൻസ് ആയി നൽകുന്ന തുക 5000 രൂപയായി ഉയർത്തിയതായും അനിൽ കാന്ത് അറിയിച്ചു.

