അമർഷം പുറത്തേക്ക്; സ്വർണക്കടത്ത് ക്വട്ടേഷനിൽ സി പി എമ്മിനെ ഉന്നമിട്ട് സി പി ഐ മുഖപത്രത്തിൽ ലേഖനം

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഭവങ്ങളില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, പ്രതികളാക്കപ്പെടുന്ന യുവാക്കള്‍ ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നാണ് സിപിഐ നിലപാട്. ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം വളര്‍ന്നുവരുന്നു എന്നത് ഗൗരവത്തോടെ കാണണമെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ വ്യക്തമാക്കുന്നു.

09/07/21 വെളളിയാഴ്ച പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതികരണം.

നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ് രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ ആരാധകരെ ഉണ്ടാക്കാനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഇവര്‍ ഉപയോഗപ്പെടുത്തി. മാഫിയാപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്. ഈ പ്രവണത ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്നതാണ്.

ചെഗുവേരയുടെ ചിത്രം കയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്.

ഇത്തരമൊരു സന്ദേശം ഇവരില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായി തങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്യാന്‍ പോലും ഇവര്‍ക്ക് കഴിയുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് പുറത്തു നിന്നുള്ള സംഘങ്ങളാണ്. ക്വട്ടേഷന്‍ സംഘങ്ങളെ ഈ രംഗത്ത് എത്തിച്ചത് പാര്‍ട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങള്‍ ആയി വളരാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് വഴിയൊരുക്കിയെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →