കൊച്ചി: രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്ന് കേരള ഹൈക്കോടതി. ക്രൗണ്ട്ഫണ്ടിങിലൂടെ സമാഹരിക്കുന്ന പണം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി 09/07/21 വെള്ളിയാഴ്ചവ്യക്തമാക്കി. യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രോഗികള്‍ക്ക് വേണ്ടി പിരിക്കുന്ന പണം മുഴുവനായും രോഗികള്‍ക്ക് ലഭിക്കുന്ന നിലയുണ്ടാവണം. പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണം. പണത്തിന്റെ ഉറവിടം പരിശോധിക്കണം. ചാരിറ്റി യൂടൂബര്‍മാര്‍ എന്തിന് സ്വന്തം പേരില്‍ പണം വാങ്ങുന്നു എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിക്കുന്നു. ക്രൗഡ്ഫണ്ടിങ് നിയമ വിധേയമാക്കാന്‍ നടപടി ഉണ്ടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. രോഗികള്‍ക്ക് സഹായം ലഭിക്കുന്നത് സുതാര്യമാകണം. ഇക്കാര്യത്തില്‍ കോടതി വിശദമായ ഉത്തരവിറക്കുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. രോഗികള്‍ക്കായി പണപ്പിരിവ് നടത്തി ശ്രദ്ധേയരായ ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയായി അടുത്തിടെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ കോടതി ഒരു നിലപാട് സ്വീകരിക്കുന്നത്.