പണപ്പെരുപ്പം തടയാന്‍ ഇന്ധന വിലയില്‍ ഇടപെടണം: ആര്‍.ബി.ഐ.

മുംബൈ: ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം കുതിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇന്ധനവിലക്കയറ്റമാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതിനാല്‍ ഇന്ധനവിലക്കയറ്റം കുറയ്ക്കുന്നതിനു സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡില്‍ തളര്‍ഞ്ഞ ചെറുകിട- ഇടത്തര സംരംഭങ്ങള്‍ക്കും ആരോഗ്യ മേഖലയ്ക്കും മറ്റുമായി കഴിഞ്ഞമാസം ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. എന്നാല്‍ ഉപഭോഗം വര്‍ധിപ്പിക്കാനും വിലവര്‍ധന കുറയ്ക്കുന്നതിനും പ്രഖ്യാപനങ്ങളില്ലായിരുന്നു.യു.എസ്. ഫെഡ് റിസര്‍വിന്റെ നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും പ്രതിഫലിക്കുമെന്നു ദാസ് വ്യക്തമാക്കി. രാജ്യത്തിന്റെ വളര്‍ച്ചാ വേഗം വര്‍ധിപ്പിക്കുന്നതിനൊപ്പം പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയാണു ലക്ഷ്യം. മെയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.30 ശതമാനമായിരുന്നു. ഇത് ആര്‍.ബി.ഐ. ലക്ഷ്യത്തിന്റെ ഉയര്‍ന്ന പരിധിയായ ആറു ശതമാനത്തിലും കൂടുതലാണെന്നിരിക്കേ വിപണിയില്‍ ഇടപെടാനുള്ള കഴിവിനെ കുറയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്നു ഏര്‍പ്പെടുത്തിയ പ്രാദേശിക ലോക്ക്ഡൗണുകളാണ് മെയില്‍ വില്ലനായത്. മേയിലെ വിവരങ്ങള്‍ പ്രതിപാദിക്കുന്ന ജൂണിലെ ജി.എസ്.ടി. വരുമാനകണക്കുകളും എട്ടുമാസത്തിനുശേഷം ഒരു ലക്ഷം കോടി രൂപയ്ക്കു താഴെയെത്തിയിരുന്നു. ധനനയ തീരുമാനങ്ങളെ നേരിട്ടു ബാധിക്കുന്ന സൂചകമാണ് റീട്ടെയില്‍ പണപ്പെരുപ്പം.നിലവിലെ സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തിയാല്‍ അത് സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്നു ദാസ് വ്യക്തമാക്കി.

എന്നാല്‍ പണപ്പെരുപ്പം പരിധിക്കുള്ളില്‍ പിടിച്ചു നിര്‍ത്തേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകകള്‍ നിരക്കു വര്‍ധനയിലേക്കു തന്നെയാണു വിരല്‍ചൂണ്ടുന്നത്. യു.എസ്. ഫെഡ് റിസര്‍വ് അടക്കം പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്നു നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂണില്‍ റീട്ടെയില്‍ പണപ്പെരുപ്പ സൂചിക തുടര്‍ച്ചയായി ഏഴാം മാസവും കുതിക്കുമെന്നാണു വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →