കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അപാകതയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അപാകതയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് മരണം മറച്ചു വെക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല.

ജനങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിശ്ചയിച്ച ഗൈഡ്‌ലൈനുകള്‍ അടിസ്ഥാനമാക്കിയാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് ആഗോള തലത്തിലുള്ള മാനദണ്ഡമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് 02/07/21 വെള്ളിയാഴ്ച പറഞ്ഞു.

നിലവില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ വിഷയം ഉയര്‍ന്നു വരുന്നത്. കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കും. മരണം മനപ്പൂര്‍വം മറച്ചു വെക്കേണ്ട കാര്യമില്ല. അതുറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായതിനാലാണ് പരാതികള്‍ വന്നാല്‍ പരിശോധിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മനപ്പൂര്‍വമായ ശ്രമം ഉണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി.

കൊവിഡ് മരണം രേഖപ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ശ്രമം നടത്താതെ സര്‍ക്കാര്‍ പിടിവാശി കാണിക്കുമ്പോള്‍ ഈ സംശയം പ്രതിപക്ഷത്തിന് കൂടുതല്‍ ബലപ്പെടുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് തിരുവനന്തപുരത്തെ വിദഗ്ധസമിതി കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആയിരക്കണക്കിന് മരണങ്ങള്‍ കേരളത്തില്‍ കൊവിഡ് മൂലമെന്ന് രേഖപ്പെടുത്താതെ പോയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →