പാലക്കാട്: പാലക്കാടിനു പ്രിയമുള്ള ഇനം അരി തന്നെ വിതരണം ചെയ്തു കൊണ്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഗ്രേഡ് എ വിഭാഗത്തിലുള്ള മികച്ച ഇനം പുഴുക്കലരി മാത്രമാണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം ഒലവക്കോടുള്ള എഫ്‌സിഐ ഡിപോയില്‍ നിന്നു നല്‍കിയിട്ടുള്ളത്. കോവിഡും ലോക്ക്ഡൗണും കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ബാധിക്കാതിരിക്കാന്‍ റെയില്‍ വാഗണുകളില്‍ എത്തുന്ന അരി നേരിട്ട് പിഎംജികെവൈ വിഭാഗത്തിലേക്ക് വിതരണത്തിനായി നല്‍കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ട് ഏറ്റവും പുതിയ പുഴുക്കലരി വിതരണത്തിനായി ലഭിക്കുന്നു.
ഒരാള്‍ക്ക് അഞ്ചു കിലോഗ്രാം എന്ന നിലയില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലേക്കായി 18,600 ടണ്‍ അരിയാണ് പാലക്കാട് ജില്ലയില്‍ ആവശ്യമുള്ളത്. ഇതില്‍ ഏപ്രില്‍ മാസത്തെ 6,200 ടണ്‍ പൂര്‍ണമായി വിതരണം ചെയ്തു കഴിഞ്ഞു. മെയ് മാസത്തേക്കുള്ള വിതരണം ആരംഭിച്ച് ഇതിനകം 40 ശതമാനത്തിലേറെ പൂര്‍ത്തിയാക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റെയില്‍ വാഗണുകളിലെത്തുന്ന അരി ഇവിടെ നിന്ന് സംസ്ഥാന ഏജന്‍സിയായ സപ്ലൈകോയ്ക്ക് നല്‍കും. സപ്ലൈകോ ആണ് റേഷന്‍ കടകളില്‍ എത്തിക്കുന്നത്. പാലക്കാട് ജില്ലയിലെ മുഴുവന്‍ പ്രദേശത്തേക്കുമുള്ള പിഎംജികെവൈ അരി ഇവിടെ നിന്നാണു വിതരണം ചെയ്യുന്നത്. പൊതു വിഭാഗത്തിലുള്ള അരി പാലക്കാട് ജില്ലയ്ക്കു പുറമെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളിലേക്കു കൂടി നല്‍കാറുണ്ട്. പാലക്കാട് ജില്ലയുടെ ആവശ്യത്തിനുള്ള കരുതല്‍ ശേഖരം എഫ്‌സിഐയുടെ ഗോഡൗണില്‍ ലഭ്യമാണ്. ഇപ്പോള്‍ 63,000 ടണ്‍ അരിയാണ് സ്‌റ്റോക്ക് ഉള്ളത്. സാധാരണ നിലയില്‍ ഇത് എട്ടു മാസത്തേക്കുള്ള ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാകും.
ജില്ലയില്‍ അരിയുടെ കയറ്റിറക്കിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏറ്റവും വലിയ പ്രശ്‌നം കടുത്ത വേനലാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതു മറി കടക്കുന്ന രീതിയിലുള്ള സഹകരണമാണ് തൊഴിലാളികളില്‍ നിന്നു ലഭിക്കുന്നതെന്നാണ് എഫ്‌സിഐ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ സേതുമാധവന്‍ ചൂണ്ടിക്കാട്ടുന്നത്.

