ആലപ്പുഴ: ലഹരിയിൽ നിന്നും മുക്തി നേടിയവരെ ചേർത്തു നിർത്തണം: മന്ത്രി പി പ്രസാദ്

ആലപ്പുഴ: ലഹരി എന്ന മഹാവിപത്തിൽ നിന്നും ഏറെ നാളുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ മുക്തി നേടുന്നവരെ ചേർത്ത് നിർത്താൻ സമൂഹം തയ്യാറാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഓൺലൈനായി സംഘടിപ്പിച്ച ലഹരി മുക്തരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ‘ഒരു നിമിഷം’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിൽ മുക്തി നേടി എത്തുന്നവർക്ക് സംരക്ഷണത്തിന്റെ കവചം തീർക്കേണ്ടത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇതിനായുള്ള പദ്ധതികളെക്കുറിച്ച് സർക്കാർ തലത്തിൽ ഫലപ്രദമായ ചർച്ചകൾ ഉണ്ടാകും. ഒട്ടേറെ പ്രതിഭകളെ സമൂഹത്തിന്  നഷ്ടപ്പെടാൻ പലപ്പോഴും ലഹരി കാരണമായിട്ടുണ്ട്. ലോകത്തിന്റെ ഭാവിയെ തന്നെ ലഹരിയുടെ ഉപയോഗം സാരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശപ്രകാരം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ലഹരി വിരുദ്ധ വാരാചരണവും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രങ്ങളായ കറ്റാനം, പുന്നപ്ര, ചേർത്തല കെ. വി. എം. എന്നിവിടങ്ങളിലെ ചികിത്സയിലൂടെ ലഹരി വിമുക്തി നേടിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. എസ്. എൽ. സി. എ. ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ എ. ഒ. അബീൻ, എസ്. എൽ. സി. എ. കോ-ഓർഡിനേറ്റർ റ്റി. എം. മാത്യു, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →