രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ ഐഷ സുല്‍ത്താനയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് ഹാജരായ ഐഷയെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. പിന്നാലെ നാട്ടിലേക്ക് മടങ്ങാനും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 25/06/21 വെളളിയാഴ്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

അതേ സമയം, പടച്ചോന്‍ സത്യത്തിന്റെ കൂടെയെന്നായിരുന്നു വിധിയോടുള്ള ഐഷ സുല്‍ത്താനയുടെ പ്രതികരണം. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല, അതിന് ശേഷം പ്രതികരിക്കും. നല്ല മനസുള്ള ലക്ഷ ദ്വീപുകാര്‍ക്ക് ഒപ്പം എപ്പോഴും സത്യം നിലനില്‍ക്കും. നിയമ സംവിധാനത്തോടുള്ള വിശ്വാസം വര്‍ദ്ധിച്ചു. എഫ്‌ഐആര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അഭിഭാഷകനോട് ചര്‍ച്ച ചെയ്യ്ത് സ്വീകരിക്കുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →