രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് അറസ്റ്റില്ല. ഐഷയെ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്ത് വ്യാഴാഴ്ച(24/06/21) വിട്ടയച്ചു.

ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്.

അതേസമയം രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.

ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐഷ ദ്വീപിലെത്തിയത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →