18 വയസിന് മുകളിലുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ കോവിഡ് വാക്സിന്‍ സൗജന്യം

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ കോവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്.രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ ക്വാട്ട നിശ്ചയിക്കുക. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുട്‌നിക് വാക്സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. കഴിഞ്ഞ ജൂണ്‍ 7നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വാക്സിന്‍ നയം പ്രഖ്യാപിച്ചത്. ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് വാക്സിന്‍ നയം മാറ്റിയതായും വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 75 ശതമാനം വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →