ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തീരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര ഇടപെടലിന് നിർദേശം. എച്ച്. സലാം എം.എൽ.എ. വിളിച്ചുചേർത്ത തീരദേശത്തെ വിവിധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം. നിലവിലുള്ള ദുരിതങ്ങൾക്കും തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ അടിയന്തര ഇടപെടൽ നടത്തും.
തോട്ടപ്പള്ളി ഫിഷിങ് ഹാർബറിന്റെ രണ്ടാംഘട്ട വികസനത്തിന് പി.എം.എസ്.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി 94.14 കോടി രൂപയുടെ പദ്ധതി സമർപ്പിക്കും. ഇതോടെ ഇരുനൂറിലധികം വള്ളങ്ങൾക്കും 50 ബോട്ടുകൾക്കും ഹാർബർ ഉപയോഗിക്കാനാകും. ഹാർബറിന്റെ വടക്കുഭാഗത്ത് 360 മീറ്റർ കൂടി നീളം വർധിപ്പിച്ച് ആകെ വ്യാസം 420 മീറ്ററാക്കും. ലേല ഹാൾ, പാക്കിംഗ് സെന്റർ, ലോഡിങ് ഏരിയ ഉൾപ്പടെയുള്ള സൗകര്യങ്ങളും വർധിപ്പിക്കാനാകും. ഹാർബറിൽ അടിഞ്ഞു കൂടിയ മണൽ യഥാസമയം നീക്കാനുള്ള സംവിധാനവുമുണ്ടാക്കും.
ഹാർബർ മുതൽ വടക്കോട്ട് വാസുദേവപുരം വരെ പുലിമുട്ടില്ലാത്ത സ്ഥലങ്ങളിൽ അവ അടിയന്തരമായി നിർമിക്കാൻ ഹാർബർ എൻജിനീയറിങ്ങ്, ഇറിഗേഷൻ വകുപ്പുകളെ ചുമതലപ്പെടുത്തി. നിലവിലെ കടൽഭിത്തിയുടെ വിടവുകൾ അടയ്ക്കാനും അറ്റകുറ്റപ്പണിക്കും പുതിയ കടൽ ഭിത്തി നിർമിക്കുന്നതിനും ആവശ്യമായ പഠന റിപ്പോർട്ട് തേടും.
വീടും സ്ഥലവും നഷ്ടപ്പെട്ട തീരവാസികളുടെ പുനരധിവാസത്തിനായുള്ള ഫ്ളാറ്റിന്റെ ഒന്നാം ഘട്ട നിർമാണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും എം.എൽ.എ. നിർദ്ദേശം നൽകി. ഇപ്പോഴുണ്ടായ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 23 കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നൽകാനും തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തുടർന്നു ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ഫിഷറീസ്, ഇറിഗേഷൻ, ഹാർബർ എൻജിനീയറിങ്, മത്സ്യ ഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
