തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ജൂണ്‍ 11 വെളളിയാഴ്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവിലുളള ഇളവുകള്‍ക്കു പുറമേയാണിത്. എന്നാല്‍ തുടര്‍ന്നുവരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായിരിക്കും. രണ്ടുദിവസവും ഹോട്ടലുകളില്‍ പോയി പാഴ്സലുകള്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച പ്രവര്‍ത്തിക്കാം. കെഎസ് ആര്‍ടിസിയുടെ ദീര്‍ഘദൂര സര്വീസുകള്വരും ദിവസങ്ങളിലും തുടരും എല്ലാ പരീക്ഷകളും ജൂണ്‍ 16ന് ശേഷമേ തുടങ്ങുകയുളളു.
സ്റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണസഹായി പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റ പണി നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 7വരെ തുറക്കാം. വാഹന ഷോറൂമുകളില്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ മെയിന്റനന്‍സ് ജോലികള്‍ ആകാം. മറ്റു പ്രവര്‍ത്തനങ്ങളും വില്‍പ്പനയും പാടില്ല. നിര്‍മ്മാണ മേഖലയിലുളള സൈറ്റ് എഞ്ചിനീയര്‍മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.

